ചെന്നൈ: കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ആണെങ്കിലും ബാസ്കറ്റ്ബോള്‍ താരങ്ങളായ പ്രണവ് പ്രിന്‍സിനും അചിന്ത്യ കൃഷ്ണയ്ക്കും വിശ്രമമില്ല.
നാഷണല്‍ ബാസ്കറ്റ്ബോള്‍ അക്കാഡമിയിലെ (ഇന്ത്യ) വിദ്യാര്‍ഥികളാണു മലയാളിയായ പ്രണവും കര്‍ണാടകക്കാരനായ അചിന്ത്യയും. രാജ്യത്തു കോവിഡ്-19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ എല്ലാം കായിക വിനോദങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോള്‍ കോര്ട്ടിലിറങ്ങുന്നില്ലെങ്കിലും ശാരീരികമായി കരുത്ത് നേടുന്നതിനൊപ്പം ഇവര്‍ മറ്റ് വിനോദങ്ങളിലും ശ്രദ്ധിക്കുകയാണ്. പുസ്തകവായന, സംഗീതം എന്നിവയും ആസ്വദിക്കുകയാണ് ഇരുവരും.
ബാസ്കറ്റ്ബോള്‍ കളിക്കാനാകില്ലെങ്കിലും വീട്ടിലിരുന്നുള്ള പതിവ് വ്യായാമങ്ങള്‍ ഇരുവരും മുടക്കാറില്ല. ഹംഗറിയില്‍ നടന്ന യൂറോപ്യന്‍ യൂത്ത് ബാസ്കറ്റ്ബോള്‍ ലീഗ് സ്റ്റേജ് വണ്ണില്‍ പ്രണവ് മികച്ച പ്രകടനം നടത്തി. ഒരു മത്സരത്തില്‍നിന്നു ശരാശരി 15.3 പോയിന്റ് നേടിയ മലയാളി താരത്തിന്റെ റീബൗണ്ടറുകളും മികച്ചതായിരുന്നു. ഒരു മത്സരത്തില്‍നിന്നു ശരാശരി 8.8 റീബൗണ്ടുകള്‍ സൃഷ്ടിക്കാന്‍ പ്രണവിനായി.
ബാസ്കറ്റ്ബോളില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാനാകില്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു. യൂറോപ്യന്‍ യൂത്ത് ബാസ്കറ്റ്ബോള്‍ ലീഗ് സ്റ്റേജ് വണ്ണില്‍ എന്‍ബിഎ ഇന്ത്യക്കു വേണ്ടി അചിന്ത്യയും കളിച്ചിരുന്നു.
അക്കാഡമി തുറക്കുമ്പോഴേക്ക് ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങൾ ദിവസവും ചെയ്യുന്നുണ്ട്. അചിന്ത്യക്കു സ്വന്തമായി ബാസ്കറ്റ്ബോള്‍ കോര്ട്ടുണ്ട്. കോര്‍ട്ടില്‍ മണിക്കൂറുകള്‍ പരിശീലിച്ച ശേഷമാണു മറ്റു പരിപാടികള്‍ നോക്കുന്നത്. വിശ്രമ വേളകളില്‍ ഗിറ്റാറിനു സമാനമായ ഉകുലെല എന്ന വാദ്യോപകരണം വായിക്കുകയാണ് അചിന്ത്യയുടെ ഹോബി.
പുസ്തക വായനയാണു പ്രണവിന്റെ ഹോബി. ബാസ്കറ്റ്ബോളിനോടുള്ള താത്പര്യം കണ്ടാണു പ്രണവിനെ ആലപ്പുഴയിലെ ടാക്സി ഡ്രൈവറായ പിതാവ് പ്രിന്‍സ് തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസിലേക്കു മാറ്റിയത്. സെന്റ് ജോസഫ്സിലെത്തി നാലു വര്‍ഷത്തിനു ശേഷം പിതാവിന്റെ പ്രതീക്ഷ കാത്ത് എന്‍ബിഎ അക്കാഡമിയിലെത്തി. ഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യ ട്രയല്‍സില്‍ പ്രണവും അചിന്ത്യയും ഉള്‍പ്പെടെ എട്ട് താരങ്ങളെ തെരഞ്ഞെടുത്തു.
കോച്ച് മനോജ് സേവ്യറുടെ ഉപദേശങ്ങളും കരിയറില്‍ ഏറെ ഗുണം ചെയ്യുന്നുണ്ടെന്നു പ്രണവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്ട്രേലിയയില്‍ നടന്ന എന്‍ബിഎ ഗ്ലോബല്‍ അക്കാഡമി ക്യാമ്പിലേക്ക് ഇന്ത്യയില്‍നിന്നു പ്രണവിനെ മാത്രമാണു തെരഞ്ഞെടുത്തത്.
വിശ്രമമില്ലാതെ പ്രണവും അചിന്ത്യയും
11:59 PM Mar 28, 2020 | Deepika.com