കൊറോണ വൈറസ് വ്യാപിച്ചതോടെ കായിക ലോകത്ത് ‘മാറ്റ’ത്തിന്റെ നാളുകളാണ്. ഓരോ മത്സരങ്ങളും നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട തീയതികൾ മാറ്റാൻ അധികൃതർ നിർബന്ധിതമാകുന്നു. ഒളിന്പിക്സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ കായിക ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ ടൂർണമെന്റുകളും കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ മാറ്റിവച്ചുകഴിഞ്ഞു.
സ്പാനിഷ് മോട്ടോ ഗ്രാൻപ്രീ മാറ്റിവയ്ക്കുന്നതായി ഇന്നലെ അധികൃതർ അറിയിച്ചു. ടൂർ ഡെ ഫ്രാൻസ് സൈക്കിൾ റാലി കാണികളില്ലാതെ നടത്താനും ഇന്നലെ തീരുമാനമായിട്ടുണ്ട്. വരുംദിനങ്ങളിലും ടൂർണമെന്റുകൾ റദ്ദാക്കിയെന്നോ മാറ്റിവച്ചെന്നോ ഉള്ള അറിയിപ്പുകൾ വന്നേക്കാം. കാരണം, കളിക്കളത്തിനു പുറത്തും ലോകം മാറ്റത്തിന്റെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്...
വിംബിൾഡണ്‍ തീരുമാനം അടുത്തയാഴ്ച
ലണ്ടൻ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്റും മാറ്റിവച്ചേക്കുമെന്ന് സൂചന. അടുത്ത ആഴ്ച ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. സീസണിലെ മൂന്നാമത്തെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റാണ് വിംബിൾഡണ്‍. പുൽകോർട്ടിൽ നടക്കുന്ന ഏക ഗ്രാൻസ്ലാമുമാണ് ലണ്ടൻ വേദിയാകുന്ന ഈ ടൂർണമെന്റ്. ജൂണ്‍ 29 മുതൽ ജൂലൈ 12വരെയാണ് ഈ വർഷത്തെ വിംബിൾഡണ്‍ നടക്കേണ്ടത്. എന്നാൽ, പ്രഖ്യാപിക്കപ്പെട്ട തീയതിയിൽ ചാന്പ്യൻഷിപ്പ് നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
വിംബിൾഡണ്‍ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തില്ലെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മേയിൽ ആരംഭിക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഇതിനോടകം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ നാല് വരെയാക്കിയിരുന്നു. സീസണിലെ രണ്ടാമത്തെ ഗ്രാൻസ്ലാം ടൂർണമെന്റാണ് ഫ്രഞ്ച് ഓപ്പണ്‍. ഇതിനോടകം എടിപി ടൂർണമെന്റുകൾ ഏപ്രിൽ 27വരെയും ഡബ്ല്യുടിഎ പോരാട്ടങ്ങൾ മേയ് രണ്ട് വരെയും റദ്ദാക്കിയിട്ടുണ്ട്. ഓൾ ഇംഗ്ലണ്ട് ക്ലബ് ബോർഡ് അടുത്ത ആഴ്ച യോഗം ചേരുന്പോൾ ചാന്പ്യൻഷിപ്പ് നീട്ടിവച്ചേക്കാനുള്ള സാധ്യതയാണുള്ളത്. ഈ വർഷം ചാന്പ്യൻഷിപ്പ് വേണ്ടെന്നു വയ്ക്കാനും സാധ്യതയുണ്ട്.