മിലാൻ/ബെയ്ജിംഗ്: ലോകത്തെ പൂർണ സ്തംഭനത്തിലേക്കു തള്ളിവിട്ട് കൊറോണ വൈറസ് വ്യാപനവും മരണവും ദിനംപ്രതി വർധിക്കുന്നു. കൊറോണ വൈറസിന്റെ പിടിയിലകപ്പെടുന്ന കായിക പ്രതിഭകളുടെ നിരയും ദിനംപ്രതി നീളുകയാണ്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ അർജന്റൈൻ താരം പൗലോ ഡിബാല, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരവും ബെൽജിയത്തിന്റെ മധ്യനിരത്താരമായ മർലോണ്‍ ഫെല്ലെയ്നി, ഇറ്റലിയുടെ ഇതിഹാസ പ്രതിരോധ താരം പൗളോ മാൾഡീനി എന്നിവർക്ക് ഇന്നലെ കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒറിയാന അർജന്റൈൻ ഗായികയും നടിയും മോഡലുമാണ്. 1990 യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവായ ഗബ്രിയേല സബാറ്റിനിയുടെ അനന്തരവളാണ് ഒറിയാന. യുവന്റസ് താരങ്ങളായ ഡാനിയേല റുഗാനി, ബ്ലെയ്സ് മത്യൂഡി എന്നിവർക്ക് കൊറോണ വൈറസ് ബാധ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ഇറ്റലിയുടെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ പൗളോ മാൾഡീനി നിലവിൽ എസി മിലാൻ ക്ലബ്ബിന്റെ ടെക്നിക്കൽ ഡയറക്ടറാണ്. അന്‍പത്തിയൊന്നുകാരനായ മാൾഡീനിയുടെ പതിനെട്ടുകാരനായ മകൻ ഡാനിയേലിനും കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഡാനിയേൽ മാൾഡീനി എസി മിലാനുവേണ്ടി ഫെബ്രുവരിയിൽ അരങ്ങേറ്റം നടത്തിയിരുന്നു.
ചൈനീസ് ക്ലബ്ബായ ഷാങ്ഡോംഗ് ലുനെംഗിനായാണ് നിലവിൽ ഫെല്ലെയ്നി കളിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബുകളായ എവർട്ടണ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയുടെ താരമായിരുന്നു. മുപ്പത്തിരണ്ടുകാരനായ ഫെല്ലെയ്നി 2019ലാണ് ചൈനീസ് ക്ലബ്ബിലെത്തിയത്.
ഡിബാല, മാൾഡീനി, ഫെല്ലെയ്നി... കൊറോണ നിര നീളുന്നു
12:52 AM Mar 23, 2020 | Deepika.com