ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം നിരീക്ഷണത്തിൽ
12:52 AM Mar 23, 2020 | Deepika.com
ലക്നോ: ഇന്ത്യൻ പര്യടനം കഴിഞ്ഞ് മടങ്ങിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമും കൊറോണ വൈറസ് ബാധയുടെ സംശയ നിഴലിൽ. മൂന്ന് ഏകദിന മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ ലക്നോവിൽ തങ്ങിയ ഹോട്ടലിലായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമും ഉണ്ടായിരുന്നത്. ഇന്ത്യയിൽനിന്ന് മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിനോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നിർദേശിച്ചിരുന്നു.