കൽപ്പറ്റ: ബോസ്റ്റൺ ഫുൾ മാരത്തണിൽ 55 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരിക്കാൻ വയനാട്ടുകാരൻ ലോറി ഡ്രൈവർ. മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസാണ് അന്താരാഷ്ട്ര മാരത്തണിൽ മത്സരിക്കാനുള്ള യോഗ്യത നേടിയത്. രണ്ടു വർഷം മുമ്പ് ലോക മാസ്റ്റേഴ്സ് മീറ്റിൽ മത്സരിക്കാൻ യോഗ്യത നേടിയിരുന്ന അദ്ദേഹത്തിന് സാമ്പത്തിക ക്ലേശം മൂലം അതിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞമാസം 19നു നടന്ന ടാറ്റ മുംബൈ ഇന്റർനാഷണൽ ഫുൾ മാരത്തണിൽ 55 പ്ലസ് വിഭാഗത്തിൽ അഞ്ചാമനായി ഫിനിഷ് ചെയ്തതാണ് തോമസിന് ഇത്തവണ ബോസ്റ്റണ് മാരത്തണിൽ മാറ്റുരയ്ക്കുന്നതിനു വഴിതുറന്നത്. മുംബൈ മാരത്തണിൽ മൂന്നു മണിക്കൂറും 34 മിനിറ്റുമെടുത്താണ് തോമസ് 42 കിലോമീറ്റർ പൂർത്തിയാക്കിയത്.
ആറു വർഷമായി ദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ സജീവമായ ഈ മാരത്തൺ താരം ഇതിനകം നിരവധി മെഡലുകളാണ് ഓടിയെടുത്തത്. 2018ൽ ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് മീറ്റിൽ പത്തു കിലോമീറ്ററിൽ സ്വർണവും അഞ്ച് കിലോമീറ്ററിൽ വെള്ളിയും 1500 മീറ്ററിൽ വെങ്കലവും നേടി. അക്കൊല്ലം സ്പെയിനിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിലാണ് മത്സരിക്കുന്നതിനു യോഗ്യത നേടിയിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം പോകാൻ കഴിയാതെവന്നത്.
കഴിഞ്ഞവർഷം ഡിസംബർ ഒന്നിനു കൊച്ചി ഫുൾ മാരത്തണിൽ സ്വർണം നേടിയ തോമസ് ഈ വർഷം ഒട്ടേറെ നേട്ടങ്ങൾ കൊയ്തു. കണ്ണൂർ മാങ്ങാട്ടുപറമ്പിൽ കഴിഞ്ഞമാസം അഞ്ചിനു നടന്ന അഖില കേരള മാസ്റ്റേഴ്സ് മീറ്റിൽ 55 പ്ലസ് വിഭാഗത്തിൽ പത്തു കിലോമീറ്ററിലും അഞ്ചു കിലോമീറ്ററിലും സ്വർണംനേടിയ തോമസ് 1,500 മീറ്ററിൽ വെള്ളി സ്വന്തമാക്കി. ഈ മാസം ഒമ്പതിന് മണിപ്പാൽ ഹാഫ് മാരത്തണിൽ സ്വർണം നേടിയ അദ്ദേഹം 23ന് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് ഡൽഹി മാരത്തണിൽ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്.
രണ്ടു പതിറ്റാണ്ടായി ലോറി ഡ്രൈവറായി ജോലിചെയ്യുകയാണ് തോമസ്. കൃഷിയിൽനിന്നുള്ള വരുമാനം കുടുംബം പോറ്റാൻ തികയാതെവന്നപ്പോഴാണ് ഡ്രൈവർ ജോലിക്കായി മുംബൈയ്ക്കു വണ്ടികയറിയത്. തൊഴിലിനിടെ കഴുത്തുവേദന അലട്ടിയപ്പോൾ വ്യായാമത്തിനു തുടങ്ങിയ നടത്തമാണ് പിൽക്കാലത്തു തോമസിനെ മാസ്റ്റേഴ്സ് മീറ്റുകളിലെ മിന്നുംതാരമാക്കിയത്.
ബോസ്റ്റണിലേക്ക് യോഗ്യത നേടി വയനാട്ടുകാരൻ
01:17 AM Feb 29, 2020 | Deepika.com