മെല്‍ബണ്‍: ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാ ജയം തേടി ഇന്ത്യ ഇന്ന് ന്യൂസിലന്ഡിനെതിരേ ഇറങ്ങുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ അനായാസ ജയം നേടിയ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ സെമി ഫൈനലിനോടടുക്കാം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 17 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്‍സിനും തകര്‍ത്തു. അഞ്ചു ടീമുകളുള്ള ഗ്രൂപ്പില്‍ രണ്ടു കളിയില്‍ നാലു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗും മെച്ചപ്പെടുന്നതാണ് കാണുന്നത്.
16 വയസുകാരി ഷെഫാലി വര്‍മയാണ് ബാറ്റിംഗില്‍ മികവ് തുടരുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേ 29 റണ്‍സെടുത്തതിനു പിന്നാലെ ബംഗ്ലാദേശിനെതിരേ 17 പന്തില്‍ 39 റണ്‍സുമായി ടോപ് സ്കോററായി. ജെമിമ റോഡ്രിഗസ് 26, 34 സ്കോറുകളുമായി നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഫോമിലെത്താത്തത് ഇന്ത്യക്ക് ക്ഷീണമാണ്.
പനി മൂലം ബംഗ്ലാദേശിനെതിരേ കളിക്കാതിരുന്ന സ്മൃതി മന്ദാന ഇന്ന് തിരിച്ചെത്തിയെക്കും. സ്മൃതിയെത്തിക്കഴിഞ്ഞാല് ഇന്ത്യയുടെ മുന്‍നിര കരുത്താര്‍ജിക്കും. മധ്യനിരയിലെ ബാറ്റിംഗാണ് ഇന്ത്യയെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓസ്ട്രേലിയയ്ക്കെതിരേ ദീപ്തി ശര്‍മ പുറത്താകാതെ 49 റണ്‍സും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ വേദ കൃഷ്ണമൂര്‍ത്തി 11 പന്തില്‍ പുറത്താകാതെ 20 റണ്‍സുമെടുത്തു.
ബൗളര്‍മാരുടെ പ്രകടനമാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. ലെഗ് സ്പിന്നര്‍ പൂനം യാദവ് രണ്ടു മത്സരങ്ങളില്‍ ഏഴു വിക്കറ്റ് വീഴ്ത്തി. പേസര്‍ ശിഖാ പാണ്ഡെ അഞ്ചു വിക്കറ്റുമായി പൂനത്തിന് പിന്തുണയും നല്‍കുന്നുണ്ട്.
അടുത്ത കാലത്ത് ഇരുടീമുകളും മുഖാമുഖമെത്തിയപ്പോള്‍ വിജയക്കണക്കില്‍ ന്യൂസിലന്‍ഡ് ആണ് മുന്നില്‍. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും ജയം ന്യൂസിലന്‍ഡിനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷം മുമ്പാണ് മൂന്നു മത്സരങ്ങളുടെ ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 3-0ന് തോല്‍പ്പിച്ചത്. 2018 ട്വന്റി 20 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ 103 റണ്‍സിന്റെ മികവില്‍ ഇന്ത്യ 34 റണ്‍സിനു ന്യൂസിലന്‍ഡിനെ തകര്‍ത്തിരുന്നു.
ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സോഫി ഡേവിന്, മുന്‍നിര ബാറ്റ്സ് വുമന്‍ സൂസി ബേറ്റ്സ്, പേസര്‍ ലിയ താഹു, ലെഗ് സ്പിന്നര്‍ അമേലിയ കെര്‍ എന്നിവരുടെ പ്രകടനം ന്യൂസിലന്‍ഡിന് കരുത്ത് നല്കുന്നു. ന്യൂസിലന്‍ഡിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരേ ഡേവിന് പുറത്താകാതെ 55 പന്തില്‍ 75 റണ്‍സ് നേടിയിരുന്നു.
മൂന്നാം ജയം തേടി ഇന്ത്യ
12:11 AM Feb 27, 2020 | Deepika.com