കൊച്ചി: സംസ്ഥാന പാരാലിംപിക് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് എട്ടിനു രാവിലെ ഏഴിന് കളമശേരി രാജഗിരി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത സംസ്ഥാനഘടകമായ സ്പോര്‍ട്സ് ഫോര്‍ ഡിഫറന്റലി ഏബിള്‍സ് കേരളയുടെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ശാരീരിക വൈകല്യത്തിനനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കു മാര്‍ച്ച് 26, 27, 28 തീയതികളിൽ മൈസൂരുവില്‍ നടക്കുന്ന ദേശീയ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാം. സംസ്ഥാന പാരാ ബാഡ്മിന്റണിന്റെ സെലക്ഷന് ട്രയല്‍സ് മാര്‍ച്ച് ഒന്നിനു രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലുവരെ നടക്കും. ഇതിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്ന അത്ലറ്റ്സുകള്‍ മാര്‍ച്ച് 19 മുതല്‍ 22 വരെ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ പാരാ ബാഡ്മിന്റണില്‍ പങ്കെടുക്കും.
സംസ്ഥാന പാരാ സ്വിമ്മിംഗ് സെലക്ഷന് ട്രയല്‍സ് മാര്‍ച്ച് രണ്ടിന് ഉച്ചകഴിഞ്ഞ് ഒന്ന് മുതല്‍ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കും. മാര്‍ച്ച് 28 മുതല്‍ 30 വരെ ബംഗളൂരുവിലെ ബസവന്‍ഗുഡി അക്വാറ്റിക് സെന്ററിലാണ് ദേശീയതല മത്സരം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കു പങ്കെടുക്കാം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് ജില്ലകളില്‍നിന്നുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖകള്‍, നാലു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ സഹിതം മത്സരദിനങ്ങളില്‍ എത്തിച്ചേരണം. ഫോൺ: 9020404017, 9847141881,
പാരാലിംപിക് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 8ന്
12:11 AM Feb 27, 2020 | Deepika.com