മുംബൈ: ഐഎസ്എൽ ഫുട്ബോളിന്റെ പ്ലേ ഓഫിലേക്ക് ചെന്നൈയിൻ എഫ്സിയും. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ 1-0നു പരാജയപ്പെടുത്തിയതോടെയാണ് ചെന്നൈയിൻ പ്ലേ ഓഫിൽ പ്രവേശിച്ചത്. 83-ാം മിനിറ്റിൽ ലൂസിയൻ ഗോയിൻ ആണ് ചെന്നൈയിന്റെ ജയം കുറിച്ച ഗോൾ നേടിയത്.
ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഒരു മത്സരം കൂടി ചെന്നൈയിനു ശേഷിക്കുന്നുണ്ട്.ഇതോടെ പ്ലേ ഓഫ് ടീമുകളുടെ പട്ടിക പൂർത്തിയായി. ഗോവ (39 പോയിന്റ്), എടികെ (33 പോയിന്റ്), ബംഗളൂരു (29 പോയിന്റ്) എന്നിവയ്ക്കു പിന്നിൽ 28 പോയിന്റുമായാണ് ചെന്നൈയിൻ ആദ്യ നാലിൽ ഉള്ളത്. എടികെ, ബംഗളൂരു എന്നിവയ്ക്കും ഓരോ മത്സരം വീതം ശേഷിക്കുന്നുണ്ട്.
സീസണിൽ ആദ്യ ഒന്പത് മത്സരങ്ങളിൽ ചെന്നൈയിൻ നാല് തോൽവി വഴങ്ങി പോയിന്റ് പട്ടികയിൽ താഴേത്തട്ടിലായിരുന്നു. എന്നാൽ, അവസാന എട്ട് മത്സരത്തിൽ ഉജ്വല പ്രകടനത്തിലൂടെ ചെന്നൈയിൻ പ്ലേ ഓഫിൽ ഇടംപിടിച്ചു. കേരള ബ്ലാസ്റ്റേഴ്സിനെ 6-3ന് തകർത്തതുൾപ്പെടെ ആറ് ജയമാണ് അവസാന എട്ട് മത്സരത്തിൽ ചെന്നൈയിൻ സ്വന്തമാക്കിയത്.
ചെന്നൈയിൻ പ്ലേ ഓഫിൽ
11:24 PM Feb 21, 2020 | Deepika.com