മാഡ്രിഡ്/മ്യൂണിക്ക്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്നു നടക്കുന്ന മത്സരങ്ങളിൽ ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ലിവർപൂൾ സ്പെയിനിൽനിന്നുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി കൊന്പുകോർക്കും. ജർമൻ സംഘമായ ബൊറൂസിയ ഡോർട്ട്മുണ്ടും ഫ്രഞ്ച് വന്പന്മാരായ പിഎസ്ജിയും തമ്മിലാണ് മറ്റൊരു മത്സരം. ഇന്ത്യൻ സമയം രാത്രി 1.30നാണ് രണ്ട് മത്സരങ്ങളുടെയും കിക്കോഫ്. നാളെ ടോട്ടനവും ലീപ്സിഗും അത്ലാന്തയും വലൻസിയയും തമ്മിലും ഏറ്റുമുട്ടും.
യൂറോപ്യൻ മുൻനിര ലീഗുകളിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത സംഘമാണ് ലിവർപൂൾ. യെർഗൻ ക്ലോപ്പിന്റെ ശിക്ഷണത്തിലിറങ്ങുന്ന ലിവർപൂൾ ചാന്പ്യൻസ് ലീഗ് കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ്. ഗ്രൂപ്പ് ഇയിൽ നാല് ജയവും ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റോടെ ചാന്പ്യന്‍മാരായാണ് ലിവർപൂൾ പ്രീക്വാർട്ടറിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തോടെ അത്ലറ്റിക്കോ മാഡ്രിഡും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനവുമായി ഡോർട്ട്മുണ്ടും പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് എയിൽ തോൽവി അറിയാതെ ഒന്നാം സ്ഥാനക്കാരായാണ് പിഎസ്ജി നോക്കൗട്ടിൽ ഇടംപിടിച്ചത്.
യൂറോപ്യൻ വന്പന്മാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയവ അടുത്ത ആഴ്ചയാണ് തങ്ങളുടെ ആദ്യപാദ പ്രീക്വാർട്ടറിനിറങ്ങുക. റയൽ മാഡ്രിഡ് x മാഞ്ചസ്റ്റർ സിറ്റി, ചെൽസി x ബയേണ്‍ മ്യൂണിക്ക് മത്സരങ്ങളാണ് അടുത്ത ആഴ്ചത്തെ സൂപ്പർ പോരാട്ടങ്ങൾ. ബാഴ്സയുടെ എതിരാളി ഇറ്റാലിയൻ സംഘമായ നാപ്പോളിയാണ്. യുവന്റസിന്റെ എതിരാളി ലിയോണ്‍ ആണ്.
ലിവർപൂൾ, പിഎസ്ജി കളത്തിൽ
12:09 AM Feb 18, 2020 | Deepika.com