തിരുവനന്തപുരം: ബാസ്കറ്റ് ബോള്‍, വോളീബോള്‍ പരിശീലനത്തിനായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ പൊടിപിടിച്ച നിലയില്‍. രണ്ടു മാസം മുമ്പ് വിദേശത്തു നിന്നും എത്തിച്ച ഉപകരണങ്ങള്‍ ഇപ്പോഴും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ നാഷണല്‍ ഗെയിംസിനോട് അനുബന്ധിച്ച് പരിശീലന ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും അഭിപ്രായം തേടിയപ്പോള്‍ ബാസ്കറ്റ്ബോള്‍, വോളിബോള്‍ പരിശീലനത്തിനായി മെഷീനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരമാണ് ബാസ്കറ്റ്ബോള്‍ പരിശീലനത്തിനായി ഡോ. ഡിഷ് എന്ന ഉപകരണവും വോളിബോള്‍ പരിശീലനത്തിനായി എയര്‍ ആക്ട് മെഷീനും വാങ്ങാന്‍ തീരുമാനിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഉപകരണങ്ങള്‍ വാങ്ങിയത് തന്നെ. നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന് (എന്‍ബിഎ) പരിശീലന കേന്ദ്രങ്ങളില്‍ മാത്രം പരിശീലനത്തിനായി ഉപയോഗിക്കാറുള്ള ഡോ. ഡിഷ് എന്ന ഉപകരണത്തിലൂടെ അഞ്ചു മിനിറ്റിനുള്ളില്‍ 100 ഷോട്ടുകള്‍ വരെ എടുക്കാന്‍ കഴിയും. ഷൂട്ടിംഗ് കൃത്യതയ്ക്കും താരത്തിന്റെ ശാരീരിക കാര്യക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ആണ് ഡോ. ഡിഷിലുള്ളത്. പൂര്‍ണമായും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ഈ ഉപകരണത്തിന് 10 ലക്ഷത്തോളം രൂപയാണ് വിലവരുന്നത്.
സംസ്ഥാന സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് വിഭാഗം വാങ്ങിയിട്ടുള്ള ഈ ഉപകരണം നിലവില്‍ തിരുവനന്തപുരം ജി.വി. രാജാ സ്കൂളിലും കണ്ണൂര്‍ മുണ്ടയാട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലുമാണ് നല്കാന് തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം ജി.വി. രാജായില് എത്തിച്ചിട്ടുള്ള ഉപകരണം ഇതേ വരെ താരങ്ങള്‍ക്ക് പരിശീലനത്തിനായി നല്‍കിയിട്ടുമില്ല. കഴിഞ്ഞ ദിവസം സംസ്ഥാന കായിക മന്ത്രാലയം തിരുവനന്തപുരത്ത് സംഘടിപ്പിച്ച് സ്പോര്‍ട്സ് എക്സ്പോയില്‍ ഇത് പ്രദര്‍ശനത്തിനായി എത്തിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് മൈലം ജി.വി. രാജാ സ്കൂളില്‍ പരിശീലനത്തിനായി വിദേശത്തു നിന്നും എത്തിച്ച ഉപകരണമാണെന്നും അവിടെ പരിശീലനം ആരംഭിക്കാത്തതിനാല്‍ സ്പോര്‍ട്സ് എക്സ്പോയില്‍ എത്തിച്ചതാണെന്നും വ്യക്തമായത്.
ഏതു പ്രായത്തിലുള്ള താരങ്ങള്‍ക്കും പരിശീലിക്കാന്‍ കഴിയുമെന്നതാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡോ. ഡിഷ് ഒരു ബാസ്കറ്റ്ബോള്‍ താരത്തിന്റെ കായിക പുരോഗതി എത്രമാത്രമുണ്ടെന്നു വ്യക്തമാക്കുന്ന വിശകലനം ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന രീതിയിലുള്ളതാണ്.
തോമസ് വര്‍ഗീസ്
വിദേശത്തുനിന്ന് എത്തിച്ച കായിക ഉപകരണങ്ങള്‍ നോക്കുകുത്തി
02:05 AM Feb 16, 2020 | Deepika.com