ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ന്യൂസിലന്‍ഡ് ഇലവനെതിരേയുള്ളിസന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷാമിയുടെയും തകര്‍പ്പന്‍ പ്രകടനം.
ഇരുവരുടെയും ബൗളിംഗിനു മുന്നില്‍ തകര്‍ന്ന ന്യൂസിലന്‍ഡ് ഇലവണ്‍ 235 റണ്‍സിന് ഓള്‍ഔട്ടായി. ഹാമില്‍ട്ടണിലെ സാഹചര്യം മുതലാക്കിയ ബുംറയുടെയും (11 ഓവറില്‍ 2/18) ഷാമിയുടെയും (10 ഓവറില്‍ 3/17) പ്രകടനം ടെസ്റ്റിനുമുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം പകര്‍ന്നു. ഉമേഷ് യാദവും (13 ഓവറില്‍ 2/49), നവ്ദീപ് സെയ്നിയും (15 ഓവറില്‍ 58/2) കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞെങ്കിലും ബുംറയും ഷാമിയുടെയും ഓവറുകള്‍ ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിക്കുന്നതായിരുന്നു.
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍സ് 263 റണ്‍സ് എടുത്തിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സിലെത്തി. ഓപ്പണര്‍മാരായ പൃഥ്വി ഷായും (35 നോട്ടൗട്ട്), മായങ്ക് അഗര്‍വാളും (23 നോട്ടൗട്ട്) ക്രീസിലുണ്ട്.
ബുംറയും ഷാമിയും തകര്‍ത്തു
02:05 AM Feb 16, 2020 | Deepika.com