കഴിഞ്ഞ വർഷം ഇന്ത്യയെ ഒളിന്പിക്സ് യോഗ്യതയിലേക്ക് നയിച്ച മിന്നും പ്രകടനമാണ് ഇരുപത്തിയേഴുകാരനായ മൻപ്രീതിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്.
പുരുഷ വിഭാഗത്തിൽ പുത്തൻ താരോദയമായത് ഇന്ത്യയുടെ പത്തൊന്പതുകാരനായ വിവേക് സാഗർപ്രസാദ് ആണ്. വനിതാ വിഭാഗത്തിലെ താരോദയം ലാൽറംമിയാമിക്കാണ്. ഈ പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരങ്ങൾ എന്ന നേട്ടവും വിവേദും ലാൽറംമിയാമിയും സ്വന്തമാക്കി.
1999ലാണ് എഫ്ഐഎച്ച് മികച്ച താരത്തിനുള്ള പുരസ്കാരം ഏർപ്പെടുത്തിയത്. അന്നുതൊട്ട് ഇന്ത്യൻ താരങ്ങൾക്ക് ആ പുരസ്കാരം അന്യമായിരുന്നു. പുരസ്കാരം ഏർപ്പെടുത്തിയതിന്റെ 20-ാം വാർഷികത്തിൽ മൻപ്രീതിലൂടെ ഇന്ത്യയിലേക്കും അത് എത്തി.
ബെൽജിയത്തിന്റെ ആർതർ വാൻ ഡോറെൻ, അർജന്റീനയുടെ ലൂക്കാസ് വില്ല എന്നിവരെ പിന്തള്ളിയാണ് മൻപ്രീത് പുരസ്കാരം സ്വന്തമാക്കിയത്. മികച്ച താരത്തിനായുള്ള വോട്ടിംഗിൽ 35.2 ശതമാനം നേടി ഇന്ത്യൻ ക്യാപ്റ്റൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്ത് എത്തിയ ഡോറെൻ 19.7 ശതമാനവും മൂന്നാമതെത്തിയ വില്ല 11.7 ശതമാനവും വോട്ട് നേടി. ദേശീയ ടീം മുഖ്യപരിശീലകർ, മാധ്യമപ്രതിനിധികൾ, കളിക്കാർ, ആരാധകർ എന്നിവരാണ് മികച്ച താരത്തിനായുള്ള വോട്ടെടുപ്പിൽ പങ്കാളികളാകുക.
ബെൽജിയത്തിന്റെ വിക്ടർ വെഗ്നെസ്, ഓസ്ട്രേലിയയുടെ ആരണ് സലേവ്സ്കി, എഡ്ഡി ഓകെൻഡെൻ എന്നിവരും പുരസ്കാരത്തിനുള്ള അന്തിമപട്ടിയിൽ ഉണ്ടായിരുന്നു.
മൻപ്രീത് @ 19
പഞ്ചാബിലെ ജലന്ധറിൽ കർഷക കുടുംബത്തിലാണ് മൻപ്രീത് സിംഗിന്റെ ജനനം. തന്റെ പത്തൊന്പതാം വയസിൽ 2011ൽ ഇന്ത്യക്കായി കളത്തിലിറങ്ങി. 2012, 2016 ഒളിന്പിക്സുകളിൽ ഇന്ത്യൻ ടീം അംഗമായിരുന്നു. ഇതുവരെയായി 260 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം എഫ്ഐഎച്ച് ഒളിന്പിക് യോഗ്യതാ റൗണ്ടിൽ ജയിച്ച് ഇന്ത്യക്ക് 2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2013 സുൽത്താൻ ജോഹർ കപ്പ്, 2011, 2018 ഏഷ്യൻ ചാന്പ്യൻസ് ട്രോഫി, 2017 ഏഷ്യ കപ്പ്, 2014 ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു മൻപ്രീത്.
ഇഷ്ടം സൽമാൻ ഖാൻ
പഞ്ചാബി സംഗീതത്തിന്റെ കടുത്ത ആരാധകനാണ് മൻപ്രീത്. ഹണി സിംഗ്, ദിൽജിത് എന്നിവരുടെ സംഗീതമാണ് ഏറെ ഇഷ്ടം. സ്പോട്സ് സിനിമകൾ ഇഷ്ടപ്പെടുന്ന മൻപ്രീതിന്റെ ഇഷ്ട നടൻ സൽമാൻ ഖാൻ ആണ്. പാക് വംശജയായ മലേഷ്യക്കാരി നജ്വ സാദിഖിയാണ് മൻപ്രീതിന്റെ പാർട്ണർ. 2013 സുൽത്താൻ ജോഹർ കപ്പിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.