ബംഗളൂരു: ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നും ചിത്രങ്ങളും വിവരങ്ങളും അപ്രത്യക്ഷമായി. ടീം മാനേജ്മെന്റ് ഇതു സംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല. ഇൻസ്റ്റഗ്രാമിൽ 30 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഐപിഎൽ മത്സരങ്ങൾ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം. ഇൻസ്റ്റഗ്രാമിൽ പ്രൊഫൈൽ ചിത്രം ഉൾപ്പെടെയാണ് അപ്രത്യക്ഷമായിരിക്കുന്നത്. അക്കൗണ്ട് തുറക്കുന്പോൾ ഇതുവരെ പോസ്റ്റുകളൊന്നും ഇല്ലെന്നാണ് കാണിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആർസിബി ട്വിറ്റർ അക്കൗണ്ടിലെ ഡിസ്പ്ലേ ഫോട്ടോയും കവർ ഫോട്ടോയും മാറ്റുകയും, പേര് റോയൽ ചലഞ്ചേഴ്സ് എന്ന് ചുരുക്കുകയും ചെയ്തത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ മാറ്റമുണ്ട്. ടീം പേര് മാറ്റാൻപോകുകയാണെന്ന സൂചനയും ഇതോടെ ഉണ്ടായി. എന്നാൽ, ഇക്കാര്യമൊന്നും ക്യാപ്റ്റൻ വിരാട് കോഹ്ലി അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ട്വീറ്റ് സൂചിപ്പിച്ചു. പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു, ക്യാപ്റ്റനെ ഒന്നും അറിയിച്ചിട്ടില്ല, നിങ്ങൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ അറിയിക്കണം- ഇതായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. യുസ്വേന്ദ്ര ചാഹലും ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
അതേസമയം, ആർസിബി മുത്തൂറ്റ് ഫിൻകോർപുമായി കരാറൊപ്പിട്ടതായും ടീമിന്റെ പ്രധാന സ്പോണ്‍സർമാർ മുത്തൂറ്റ് ഗ്രൂപ്പായിരിക്കുമെന്നും സൂചനയുണ്ട്.
ആർസിബി അപ്രത്യക്ഷം!
12:39 AM Feb 14, 2020 | Deepika.com