ചെന്നൈ: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സിക്കു സീസണിലെ അഞ്ചാം ജയം. നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സിറ്റിയെ അവരുടെ തട്ടകത്തിൽചെന്നാണ് മലബാറിയൻസ് എന്ന ഓമനപ്പേരുകാരായ ഗോകുലം കീഴടക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കേരള സംഘത്തിന്റെ ജയം. 70-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ വകയായിരുന്നു ഗോകുലജയത്തിന്റെ ഗോൾ പിറന്നത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ അകന്നുനിന്നു. മാർക്കസ് ജോസഫ്, ഹെൻറി കിസേക്ക, ഗാർസ്യ എന്നിവരുടെ നേതൃത്വത്തിൽ ഗോകുലം ചെന്നൈ സിറ്റിയുടെ ഗോൾമുഖത്ത് ആക്രമണം നടത്തി. ഫിറ്റോ, മുസാൻഗു, കറ്റ്സുമി എന്നിവരിലൂടെയായിരുന്നു ആതിഥേയരുടെ പ്രത്യാക്രമണം. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം ഷിബിൽ മുഹമ്മദിന്റെ മഞ്ഞക്കാർഡോടെയാണ് ഗോകുലം സജീവമായത്. 57-ാം മിനിറ്റിൽ ഷിബിലിനെ പിൻവലിച്ച് ഗോകുലം പരിശീലകൻ ഫെർണാണ്ടോ വലേര, സൽമാൻ കള്ളിയത്തിനെ ഇറക്കി.
78-ാം മിനിറ്റിൽ സ്ട്രൈക്കർ നഥാനിയേൽ ഗാർസ്യയെ പിൻവലിച്ച് കിപ്സണിനെ ദൗത്യമേൽപ്പിച്ച് വലേര ആക്രമണത്തിനു മൂർച്ചകൂട്ടി. അതിന്റെ ഫലം തൊട്ടുപിന്നാലെ കണ്ടു. കിപ്സണിന്റെ പാസിൽ മാർക്കസ് ജോസഫ് ചെന്നൈ സിറ്റിയുടെ വല കുലുക്കി. 80-ാം മിനിറ്റിൽ മാർക്കസ് ജോസഫിനു മഞ്ഞക്കാർഡ്. ഗോൾ മടക്കാനുള്ള ചെന്നൈയുടെ കഠിനശ്രമത്തിനു വലേരയുടെ മറുമരുന്ന് 90-ാം മിനിറ്റിൽ കണ്ടു. സ്ട്രൈക്കർ കിസേക്കയെ പിൻവലിച്ച് പ്രതിരോധ താരം ജസ്റ്റിൻ ജോർജിനെ കളത്തിലിറക്കി. ഏഴ് മിനിറ്റ് ഇഞ്ചുറിടൈം കഴിയുന്നതുവരെ പ്രതിരോധം കുലുങ്ങാതിരുന്നതോടെ ഗോകുലത്തിന്റെ അക്കൗണ്ടിൽ മറ്റൊരു ജയവും വിലപ്പെട്ട മൂന്ന് പോയിന്റുമെത്തി.
ജയത്തോടെ 17 പോയിന്റുമായി ഗോകുലം ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. 11 മത്സരങ്ങളിൽനിന്ന് അഞ്ച് ജയവും രണ്ട് സമനിലയുമാണ് ഗോകുലത്തിന്റെ സന്പാദ്യം. ഇത്രയും മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി മിനർവ പഞ്ചാബ് ആണ് രണ്ടാമത്.
തുല്യ പോയിന്റ് ആണെങ്കിലും മിനർവയ്ക്ക് ഗോൾ ശരാശരിയിൽ ഗോകുലത്തേക്കാൾ ഒരു ഗോളിന്റെ മുൻതൂക്കമുണ്ട്. 26 പോയിന്റുള്ള മോഹൻ ബഗാനാണ് ലീഗിന്റെ തലപ്പത്ത്. വെള്ളിയാഴ്ച നെറോകയ്ക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
ഗോകുലജയം
12:11 AM Feb 13, 2020 | Deepika.com