മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിനോടായിരുന്നു സ്പാനിഷ് താരത്തിന്റെ തോല്‍വി. 7-6 (7-3), 7-6 (7-4), 4-6, 7-6 (8-6) എന്ന സ്കോറിനാണ് ഓസ്ട്രിയന്‍ താരം വിജയിച്ചു കയറിയത്. തീമിന്റെ കരിയറിലെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിപ്രവേശമാണിത്.
മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്ത് ഏഴാം സീഡ് അലക്സാണ്ടര്‍ സ്വരേവ് സെമിയിലെത്തി. 1-6, 6-3, 6-4, 6-2 എന്ന സ്കോറിനായിരുന്നു ജര്‍മന്‍ താരത്തിന്റെ വിജയം. കരിയറില്‍ ആദ്യമായാണ് സ്വരേവ് ഒരു ഗ്രാന്ഡ്സ്ലാമിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. നദാലിനെ തോല്‍പ്പിച്ചെത്തിയ ഡൊമിനിക് തീമാണ് സെമിയില്‍ സ്വരേവിന്റെ എതിരാളി.
വനിതാ വിഭാഗം ആദ്യ സെമിയില്‍ ലോക ഒന്നാം നമ്പര്‍ ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയും അമേരിക്കയുടെ യുവതാരം സോഫിയ കെനിനും തമ്മില്‍ ഏറ്റുമുട്ടും. നാലാം സീഡ് സിമോണ ഹാലെപും മുന്‍ ലോക ഒന്നാം നമ്പര്‍ ഗാര്ബിന് മുഗുരുസയും തമ്മിലാണ് രണ്ടാം സെമി. റഷ്യന്‍ താരം അനസ്തേഷ്യ പാവ്ലുച്ചെങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു മുഗുരുസയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിപ്രവേശം. എസ്റ്റോണിയയുടെ അനറ്റ് കൊന്റാവീറ്റിനെയാണ് ഹാലെപ് തോല്‍പ്പിച്ചത്.
വനിതാ വിഭാഗം ഡബിള്‍സ് ഫൈനലില്‍ ഒന്നാം സീഡ് ഷീ ഷൂ വി-ബാര്‍ബറ സ്ട്രൈക്കോവ സഖ്യവും രണ്ടാം സീഡ് ക്രിസ്റ്റീന മ്ലാദെനോവിക്-ടിമിയ ബാബോസ് സഖ്യവും തമ്മില്‍ ഏറ്റുമുട്ടും. മിക്സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യവും ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇന്നിറങ്ങും.
നദാലിനെ അട്ടിമറിച്ച് തീം; മുഗുരുസ, ഹാലെപ് സെമിയില്‍
12:11 AM Jan 30, 2020 | Deepika.com