ഹാമില്ട്ടണ്: ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഓള്‍റൗണ്ട് പ്രകടനം നടത്തുന്ന ഇന്ത്യ ന്യൂസിലന്‍ഡില്‍ ആദ്യ ട്വന്റി 20 പരമ്പര നേട്ടത്തിന്റെ വക്കില്‍. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഹാമില്‍ട്ടണില്‍ നടക്കും. ഇന്നത്തെ മത്സരം ജയിച്ചു തിരിച്ചെത്തിയാല്‍ മാത്രമേ ന്യൂസിലന്‍ഡിന് പരമ്പര നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കൂ. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ മുന്നിലാണ്. ഓക് ലന്‍ഡില്‍ നടന്ന രണ്ടു മത്സരത്തില്‍ സന്ദര്‍ശകര്‍ ആറു വിക്കറ്റിനും ഏഴു വിക്കറ്റിനും ജയിച്ചു.
ഇന്നത്തെ മത്സരം നടക്കുന്ന സെഡന്‍ പാര്‍ക്കില്‍ ഇന്ത്യ ജയിച്ചാല്‍ ന്യൂസിലന്‍ഡ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി 20 പരമ്പര നേട്ടമാകും. കഴിഞ്ഞ രണ്ടു പ്രാവശ്യവും ഇന്ത്യക്ക് ഈ നേട്ടം കൈവരിക്കാനായില്ല. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ 2008-09ല്‍ 2-0ന് തോറ്റു. കഴിഞ്ഞ വര്‍ഷം 2-1നും പരമ്പര നഷ്ടമായി.
കണക്കുകള്‍ നോക്കിയാല്‍, 2019ലെ ഏകദിന ലോകകപ്പിനുശേഷം നടന്ന അഞ്ച് ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ തോറ്റിട്ടില്ല. ഇതില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ മാത്രമേ ഇന്ത്യക്ക് ജയം നേടാന്‍ കഴിയാതെ പോയത്. മൂന്നു മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയായി. ഒരു മത്സരം മഴ മൂലം നടന്നില്ല.
ന്യൂസിലന്‍ഡില്‍ നേടുന്ന വിജയങ്ങള്‍ ഇന്ത്യയുടെ ട്വന്റി 20 റാങ്കിംഗില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കില്ല. നിലവില്‍ അഞ്ചാം സ്ഥാനത്തായ ഇന്ത്യ അടുത്ത മൂന്നു മത്സരങ്ങള്‍ ജയിച്ചാല്‍ നാലാം സ്ഥാനത്തെത്തും. നിലവില്‍ ന്യൂസിലന്‍ഡ് ആറാംസ്ഥാനത്താണ്. പാക്കിസ്ഥാന്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ആദ്യ സ്ഥാനങ്ങളില്‍.
ലക്ഷ്യം ലോകകപ്പിനു ഒരുക്കം
ഈ വര്‍ഷം ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലാണ് ടീം മാനേജ്മെന്റ് പരമ്പരയിലെ പ്രകടനങ്ങളെ ശ്രദ്ധിക്കുന്നത്. ഇതിനായി ടീമില്‍ തന്നെ ചെറിയ അഴിച്ചുപണികള്‍ നടത്താനും ടീം മാനേജ്മെന്റ് ധൈര്യം കാണിക്കുകയും ചെയ്തു. കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അടുത്ത കാലത്തായി മികച്ച പ്രകടനമാണ് തുടരുന്നത്. പ്രത്യേകിച്ച് ഈ പര്യടനത്തില്‍ ഇരുവരും ഗംഭീര പ്രകടനമാണ് നടത്തുന്നത്.
ഇതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലും ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ഇന്നലെ നടന്ന പരിശീലനത്തില്‍ വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ഇതിനു പകരം ഈ പരമ്പരയില്‍ ഇതുവരെ അവസരം കിട്ടാത്തവരാണ് പരിശീലനത്തിനിറങ്ങിയത്.
മുഖ്യ പരിശീലകന് രവി ശാസ്ത്രിയുടെ മേല്‍ നേട്ടത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പരിശീലനം നടത്തിയപ്പോള്‍ ബാറ്റിംഗ് കോച്ച് വിക്രം റത്തോറിനൊപ്പം തിരക്കേറിയ പരിശീലനത്തിലായിരുന്നു ഋഷഭ് പന്ത്. ഇരുവരും ഇന്നും പുറത്തിരിക്കാനാണ് സാധ്യത. ചിലപ്പോള്‍ ഒരു മാറ്റമുണ്ടെങ്കില്‍ കുല്‍ദീപ് യാദവ് ടീമിലെത്തിയേക്കാം.
സെഡന്‍ പാര്‍ക്ക് സാധാരണ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ വലുപ്പം ഉള്ളതുകൊണ്ടാണ് കുല്‍ദീപിന് സാധ്യതകളുള്ളത്. ഇങ്ങനെവന്നാല്‍ ചാഹല്‍-യാദവ് ഒരുമിച്ചിറങ്ങുന്നത് കാണാം. ഏകദിന ലോകകപ്പിനുശേഷം ഇരുവരും ഒരുമിച്ചിറങ്ങിയിട്ടില്ല.
ജയം തേടി കിവീസ്
ന്യൂസിലന്‍ഡിന്റെ ഭാഗത്ത് മാറ്റമുണ്ടാകാനുള്ള സാധ്യതകളുണ്ട്. കഴിഞ്ഞ് രണ്ടു മത്സരത്തിലും പരാജയമായ ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്‍ഡ്ഹോമിനു ലഭിക്കുന്ന അവസാന അവസരമാകും ഇന്ന്. അവസാന രണ്ടു മത്സരങ്ങളില്‍ ഗ്രാന്‍ഡ്ഹോമിനു പകരം ബാറ്റ്സ്മാന് ടോം ബ്രൂസ് എത്തിയേക്കും. 0, 3 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു മത്സരത്തിലും ഗ്രാന്‍ഡ്ഹോമിന്റെ സ്കോറുകള്‍.
ആദ്യ രണ്ടു മത്സരവും ഇന്ത്യ റണ്‍സ് പിന്തുടര്ന്ന് അനായാസം ജയിച്ചതൊഴിച്ചാല്‍ ബൗളിംഗ് പ്രകടനത്തില്‍ ന്യൂസിലന്‍ഡിന് വലിയ ആകുലതകളില്ല. ഇന്ത്യന്‍ ബൗളിംഗാണ് അവരെ ഏറ്റവും വിഷമിപ്പിക്കുന്നത്. പ്രത്യേകിച്ച് പരിക്കിനുശേഷം തിരിച്ചെത്തി താളം കണ്ടെത്തിയ ജസ്പ്രീത് ബുംറയാണ് കിവീസിനെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരത്തിലും ബുംറയെ നേരിടാന്‍ കിവീസ് ബാറ്റ്സ്മാന്മാര് ശരിക്കും ബുദ്ധിമുട്ടി. പ്രത്യേകിച്ച് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും.
സെഡന്‍ പാര്‍ക്കിലെ വിജയ റിക്കാര്‍ഡ് ന്യൂസിലന്‍ഡിന് ആശ്വാസവും ഒപ്പം ആത്മവിശ്വാസവും നല്‍കുന്നതാണ്. ഒമ്പത് ട്വന്റി 20 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിച്ചു. ഈ ആത്മവിശ്വാസത്തോടെ ഇന്ത്യയുടെ പരമ്പര ജയത്തെ തടയാനാണ് കെയ്ന്‍ വില്യംസണും കൂട്ടരും ഇന്നിറങ്ങുക.
പരമ്പര തേടി ടീം ഇന്ത്യ
12:19 AM Jan 29, 2020 | Deepika.com