പോട്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആരാണ് മികച്ചവനെന്നുള്ള രണ്ടു റിസ്റ്റ് സ്പിന്നര്‍മാര്‍ തമ്മിലുള്ള പോരാട്ടമാകും ഇന്ന്. ഇന്ത്യയുടെ രവി ബിഷ്നോയിയും ഓസ്ട്രേലിയയുടെ തന്‍വീര്‍ സാംഗയും മികവ് തെളിയിക്കാന്‍ ഇന്നിറങ്ങും.
അടുത്തകാലത്തായി ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ റിസ്റ്റ് സ്പിന്നര്‍മാരുടെ സ്ഥാനം വളരെ വിലമതിക്കുന്നതാണ്. പല മത്സരങ്ങളിലും ഇവര്‍ പ്രധാന ഭാഗമാകാറുമുണ്ട്. ബിഷ്നോയി പോലുള്ള കളിക്കാരുള്ള ജൂണിയര്‍ ക്രിക്കറ്റിലും ഇവരുടെ സ്ഥാനത്തിനു മാറ്റമില്ല. ഈ ലോകകപ്പ് ടൂര്‍ണമെന്റില്‍ ശക്തമായ സ്വാധീനം തെളിയിച്ച ബൗളറാണ് ബിഷ്നോയി. താരത്തിന്റെ മികവാണ് ഓസ്ട്രേലിയയ്ക്കു മേല്‍ ഇന്ത്യക്കുള്ള ആനുകൂല്യവും.
മൂന്നു മത്സരങ്ങളില്‍നിന്ന് പത്ത് വിക്കറ്റാണ് ഈ യുവ സ്പിന്നര്‍ സ്വന്തമാക്കിയത്. ഇതില്‍ ന്യൂസിലന്ഡിനെതിരേ നേടിയ 30 റണ്‍സിന് നാലു വിക്കറ്റ് പ്രകടനം മത്സരത്തിന്റെ ഗതി തന്നെ മാറ്റി. കണക്കുകളില്‍ സാംഗയും പത്ത് വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ലോകകപ്പിലെ ചെറു ടീമായ നൈജീരിയയ്ക്കെതിരേ നേടിയ 14 റണ്‍സിന് അഞ്ച് വിക്കറ്റ് പ്രകടനമാണ് ഏറ്റവും മികച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാലു വിക്കറ്റും ഇംഗ്ലണ്ടിനെതിരേ ഒരു വിക്കറ്റും ഈ ഇന്ത്യന്‍ വംശജന് വീഴ്ത്തി.
ഇന്നത്തെ മത്സരത്തില്‍ ഇരു ഭാഗത്തെയും റിസ്റ്റ് സ്പിന്നര്‍മാര്‍ ചെലുത്തുന്ന സ്വാധീനം ടീമുകളുടെ മുന്നേറ്റം നിര്‍ണയിക്കുന്നതായിരിക്കും. ജൂണിയര്‍ ലെവലില്‍ ഇന്ത്യക്കെതിരേ മോശം റിക്കാര്‍ഡുള്ള ഓസ്ട്രേലിയ ഇത്തവണ മികവിലെത്താനാകും ഇറങ്ങുക.
2013നുശേഷം നടന്ന അഞ്ച് അണ്ടര്‍ 19 മത്സരങ്ങളില്‍ നാലിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒരണ്ണം മഴ മൂലം നടന്നില്ല.
നിലവിലെ അവസ്ഥയില്‍ നിലവാരത്തിലും മികവിലും സ്വഭാവത്തിലും ഇന്ത്യന്‍ ടീം തന്നെയാണ് മുന്നില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (രണ്ട് അര്‍ധ സെഞ്ചുറി), ദിവ്യാംശ് സക്സേന, നായകന് പ്രിയം ഗര്‍ഗ് എന്നിവര്‍ മികച്ചപ്രകടനം നടത്തുന്നുണ്ട്. പേസര്‍മാരായ കാര്‍ത്തിക് ത്യാഗി-ആകാശ് സിംഗ് കൂട്ടുകെട്ട് ഒത്തിണക്കത്തോടെയാണ് നീങ്ങുന്നത്. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ത്യാഗിയുടെ പന്തുകള്‍ ബാറ്റ്സ്മാന്മാരെ വിഷമിപ്പിക്കുന്നതാണ്.ജയ്സ്വാള്‍, ഗര്‍ഗ്, എന്‍.ടി. തിലക് വര്‍മ, സക്സേന എന്നിവരുള്ള ബാറ്റിംഗ് ലൈനപ്പ് ശക്തമാണ്.
ഓസ്ട്രേലിയന്‍ നായകന് മകെന്‍സി ഹാര്‍വിയുടെ (മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഇയാന്‍ ഹാര്‍വിയുടെ സഹോദരപുത്രന്) ഫോം ടീമിന് ആശ്വാസം നല്കുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ താരം 65 റണ്‍സാണ് നേടിയത്. മീഡിയം പേസര്‍ കോണര്‍ സള്ളിയും മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാളാണ്.
സെമി ലക്ഷ്യമിട്ട് യുവ ഇന്ത്യ
12:14 AM Jan 28, 2020 | Deepika.com