മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ യുക്രെയിന്റെ നാദിയ കിചെനൊക് സഖ്യം മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്തോ-യുക്രെയിന് സഖ്യം 6-4, 7-6ന് നികോള്‍ മെലിചര്-ബ്രൂണോ സോറസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി.
ലിയാണ്ടര്‍ പെയ്സ്-യെലേന ഒസ്റ്റാപെങ്കോ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പെയ്സ് സഖ്യം ഓസ്ട്രേലിയയുടെ സ്റ്റോം സാന്‍ഡേഴ്സ്-മാര്‍ക് പോള്‍മാന്‍സ് സഖ്യത്തെ 6-7, 6-3, 10-6ന് പരാജയപ്പെടുത്തി.
വമ്പന്മാര് മുന്നോട്ട്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ സൂപ്പര്‍താരങ്ങളായ റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
ലോക ഒന്നാം നമ്പര്‍ നദാല്‍ 6-3, 3-6, 7-6(8-6), 7-6(7-4)ന് നിക് കിര്‍ഗിയോസിനെ തോല്പിച്ചു. രണ്ടാം റാങ്ക് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റിന് (6-3, 6-4, 6-4) ഡിയേഗോ ഷ്വാര്‍ട്സ്മാനെ തകര്‍ത്തു. മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡര്‍ ആദ്യ സെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചടിച്ച് 4-6, 6-1, 6-2, 6-2ന് മാര്ട്ടിന് ഫ്യൂസോവിച്ചിനെ തോല്‍പ്പിച്ചു. അലക്സാണ്ടര്‍ സ്വരേവ് 6-4, 6-4, 6-4ന് ആന്ദ്രെ റൂബ് ലെവിനെ പരാജയപ്പെടുത്തി. ഡൊമിനിക് തീമും അനായാസ ജയം നേടി. ഗെയ്ൽ മോണ്‍ഫില്‍സിനെ 6-2, 6-4, 6-4ന് തീം പരാജയപ്പെടുത്തി. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് വാവ്റിങ്ക ഡാനിയല്‍ മെദ്വദേവിനെ തോല്‍പ്പിച്ചത്. 6-2, 2-6, 4-6, 7-6(7-2), 6-2നായിരുന്നു സ്വിസ്താരത്തിന്റെ ജയം. ഫാബിയോ ഫോഞ്ഞിനിയെ തകര്‍ത്ത് അമേരിക്കയുടെ ടെനിസ് സാന്‍ഡ്ഗ്രെന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ ഫെഡററാണ് യുഎസ്താരത്തിന്റെ എതിരാളി. 7-6(7-5), 7-5, 6-7(2-7),6-4നായിരുന്നു യുഎസ് താരത്തിന്റെ ജയം. മിലോസ് റോണിക് 6-4, 6-3, 7-5ന് മാരിന് സിലിച്ചിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി.
വനിതാ സിംഗിള്‍സില്‍ ആഷ് ലി ബാര്‍ട്ടി, പെട്ര ക്വിറ്റോവ 6-7(4-7), 6-3, 6-2ന് മരിയ സകാരിയെ പരാജയപ്പെടുത്തി. സിമോണ ഹാലെപ്, അനസ്താസിയ പാവ്ലെചെങ്കോവ, സോഫിയ കെനിന്, ഓണ്‍സ് ജേബ്വര്, ഇഗ സ്വിയാടെക്, ഗാര്ബിന് മുഗുരുസ എന്നിവർ ക്വാര്‍ട്ടറിലെത്തി.
ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍; പെയ്സ് സഖ്യം രണ്ടാം റൗണ്ടില്‍
12:14 AM Jan 28, 2020 | Deepika.com