തൃശൂർ: എഫ്സി ബാഴ്സലോണയുടെ കീഴിൽ വിവിധ രാജ്യങ്ങളിലെ ബാഴ്സ അക്കാഡമികൾ പങ്കെടുക്കുന്ന മത്സരത്തിന് മലയാളിസാന്നിധ്യം. ബാഴ്സ അക്കാഡമി ഏഷ്യാ പസഫിക് കപ്പിനുള്ള ബാഴ്സ അക്കാഡമി ഓസ്ട്രേലിയ അണ്ടർ-9 ടീമിൽ മലയാളി ബാലൻ ജെറോണ്‍ ജോഷി പുലിക്കോട്ടിൽ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 30നു ഡൽഹിയിലാണു മത്സരം.
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, സിംഗപ്പുർ, ചൈന, തുർക്കി, സ്പെയിൻ എന്നീ രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം കുട്ടികൾ ഈ ടൂർണമെന്റിൽ അണ്ടർ-9, 11, 13, 15 എന്നീ വിഭാഗങ്ങളിലായി മത്സരിക്കും.
രണ്ടു വർഷമായി ഓസ്ട്രേലിയയിലെ സിഡ്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാഴ്സ അക്കാഡമിയിലാണു ജെറോണ്‍ ജോഷി പരിശീലനം നടത്തിവരുന്നത്. പത്തു വർഷമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ തൃശൂർ ജില്ലയിലെ കടവല്ലൂർ പുലിക്കോട്ടിൽ ജോഷി തമ്പിയുടെയും ആഷിക്ക ജോഷിയുടെയും മകനാണു ജെറോണ്‍ ജോഷി.
ബാഴ്സ ഓസ്ട്രേലിയയിൽ മലയാളി താരം
10:49 PM Jan 21, 2020 | Deepika.com