വടക്കഞ്ചേരി: സംസ്ഥാന യൂത്ത് സൂപ്പർ സോണ്‍ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 28 വരെ കിഴക്കഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തയാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
21 വയസിനു താഴെയുള്ളവരുടെ 12 ടീമുകളാണു വിവിധ ജില്ലകളിൽനിന്നായി മാറ്റുരയ്ക്കുക. വടക്കഞ്ചേരി യുണൈറ്റഡ് ക്ലബ്ബിന്റെ സഹകരണത്തോടെ സംസ്ഥാന വോളിബോൾ അസോസിയേഷനാണു ഗാലറി ഒരുക്കി ചാമ്പ്യൻഷിപ്പ് നടത്തുന്നത്. കേരള വോളിബോളിന്റെ ചരിത്രത്തിൽ ആദ്യമായാണു സൂപ്പർ സോണായി യൂത്ത് വോളിബോൾ മത്സരം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ടീമുകളെ ഉൾപ്പെടുത്തി സൗത്ത് സോണ്‍ മത്സരങ്ങളും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ടീമുകളെ ഉൾപ്പെടുത്തി നോർത്ത് സോണ്‍ മത്സരങ്ങളും നടത്തി അതിൽനിന്നുള്ള ടീമുകളെയും മികച്ച കളിക്കാരെയും പങ്കെടുപ്പിച്ചാണു സൂപ്പർ സോണ്‍ മത്സരം നടത്തുന്നത്. അതുകൊണ്ടുതന്നെ കിഴക്കഞ്ചേരിയിലെ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഏറ്റവും മികച്ചതാകുമെന്നു സംഘാടകർ പറഞ്ഞു.
ഏപ്രിലിൽ അങ്കമാലിയിൽ നടക്കുന്ന ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട പുരുഷ വനിതാ കേരള ടീമുകളെ ഇവിടെനിന്നാണ് തെരഞ്ഞെടുക്കുക. കഴിഞ്ഞ വർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളമാണു കിരീടംചൂടിയത്. വനിതാ വിഭാഗത്തിൽ റണ്ണറപ്പാണു കേരളം. കേരളത്തിലെ യൂണിവേഴ്സിറ്റി, സംസ്ഥാന താരങ്ങൾ മത്സരത്തിനെത്തും. ടീമുകൾക്കുള്ള താമസം കിഴക്കഞ്ചേരിയിൽ തന്നെയാണ്. കെ. ഡി. പ്രസേനൻ എംഎൽഎ ചെയർമാനും കെ.ഇ. ബൈജു ജനറൽ കണ്‍വീനറുമായ സംഘാടക സമിതിയാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്. സംഘാടക ഭാരവാഹികളായ കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി. രെജിമോൻ, ബെന്നി പോൾ, സുദേവൻ, ഷാജി ഏബ്രഹാം, അശോക് കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
യൂത്ത് സൂപ്പർ സോണ്‍ വോളി ഇന്നു മുതൽ
10:49 PM Jan 21, 2020 | Deepika.com