പോർട്ട് എലിസബത്ത്: മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 53 റണ്‍സിനും കീഴടക്കി. ഇതോടെ നാല് ടെസ്റ്റ് മത്സര പരന്പരയിൽ ഇംഗ്ലണ്ട് 2-1നു മുന്നിലെത്തി. നാലാം ടെസ്റ്റ് 24ന് ആരംഭിക്കും. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ഒന്‍പതിന് 499 ഡിക്ലയേർഡ്. ദക്ഷിണാഫ്രിക്ക 209, 237.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ 135 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ആറാം നന്പർ ബാറ്റ്സ്മാനായ ഒല്ലി പോപ് ആണ് മാൻ ഓഫ് ദ മാച്ച്. ഇംഗ്ലീഷ് സ്പിൻ ആക്രമണത്തിനു മുന്നിലാണ് ദക്ഷിണാഫ്രിക്ക കടപുഴകിയത്.
ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 209നു പുറത്തായപ്പോൾ യുവ സ്പിന്നർ ഡോം ബീസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഫോളോ ഓണ്‍ വഴങ്ങിയ ആതിഥേയരുടെ രണ്ടാം ഇന്നിംഗ്സിൽ ജോ റൂട്ട് നാല് വിക്കറ്റ് സ്വന്തമാക്കി. ആറ് വിക്കറ്റ് നഷ്ടത്തിൽ 102 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക അവസാന ദിവസമായ ഇന്നലെ ഫോളോ ഓണിനായി ക്രീസിലെത്തിയത്.
റിക്കാർഡ് മഹാരാജ...!
ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്നിംഗ്സ് തോൽവി വഴങ്ങിയെങ്കിലും സ്പിന്നർ കേശവ് മഹാരാജ് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. ബൗളിംഗിലല്ല, ബാറ്റിംഗിലാണ് കേശവ് മഹാരാജ് ആയത്. ജോ റൂട്ടിന്റെ 29-ാം ഓവറിൽ മഹാരാജ് അടിച്ചുകൂട്ടിയത് മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 28 റണ്‍സ്. അവസാന പന്തിൽ ബൈ ആയി നാല് റണ്‍സും ലഭിച്ചിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്‍സെന്ന റിക്കാർഡിന് ഒപ്പമെത്തി മഹാരാജ്. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ 82-ാം ഓവറിലായിരുന്നു മഹാരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ്. അതോടെ റൂട്ട് ബൗളിംഗ് അവസാനിപ്പിച്ചു. 28-13-59-4 എന്നതായിരുന്നു ആ ഓവറിനു മുന്‍പ് റൂട്ടിന്റെ ബൗളിംഗ് കണക്ക്.
അവസാന വിക്കറ്റിൽ ഡെയ്ൻ പാറ്റേഴ്സണൊപ്പം 99 റണ്‍സിന്റെ കൂട്ടുകെട്ടും മഹാരാജ് സ്ഥാപിച്ചു. 106 പന്തിൽ 71 റണ്‍സടിച്ച മഹാരാജ് ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ഇംഗ്ലീഷ് ഇന്നിംഗ്സ് ജയം
11:50 PM Jan 20, 2020 | Deepika.com