ടുറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസ് 2-1ന് പാർമയെ തോൽപ്പിച്ചു. ജയത്തോടെ യുവന്റസ് രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി മാറ്റി. ആദ്യ പകുതിയിൽതന്നെ റൊണാൾഡോ യുവന്റസിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ ആന്ദ്രെസ് കോർണേലിയൂസ് (55-ാം മിനിറ്റ്) ഹെഡറിലൂടെ തിരിച്ചടിച്ചു. മൂന്നു മിനിറ്റിനുശേഷം റൊണാൾഡോ യുവന്റസിന്റെ ലീഡ് തിരിച്ചുപിടിച്ചു. ഈ സീസണിലെ പോർച്ചുഗീസ് താരത്തിന്റെ 16-ാമത്തെ ലീഗ് ഗോളായിരുന്നു. കഴിഞ്ഞ ഏഴു കളിയിൽ താരം 11 ഗോൾ നേടി. 20 കളിയിൽ യുവന്റസിന് 51 പോയിന്റും ഇന്റർ മിലാന് 47 പോയിന്റുമാണ്.
ലീസുമായി 1-1ന്റെ സമനില പാലിച്ച് ഇന്റർ മിലാന്റെ കിരീടമോഹങ്ങൾക്ക് തിരിച്ചടിയേറ്റു. 71-ാം മിനിറ്റിൽ അലസാൻഡ്രോ ബാസ്റ്റോണി ഇന്ററിനെ മുന്നിലെത്തിച്ചു. എന്നാൽ 77-ാം മിനിറ്റിൽ മാർകോ മാൻകോസു ലീസിനു സമനില നല്കി. എസി മിലാൻ 3-2ന് ഉഡിനീസിനെ തോൽപ്പിച്ചു. ആന്റെ റെബിച്ചിന്റെ ഇരട്ട ഗോൾ നേടി. ഉഡിനീസായിരുന്നു ആദ്യം മുന്നിലെത്തിയത്. എട്ടാം സ്ഥാനത്താണ് മിലാൻ.
റൊണാൾഡോയ്ക്ക് ഡബിൾ
11:50 PM Jan 20, 2020 | Deepika.com