ഇരിങ്ങാലക്കുട: കായികരംഗത്തു നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ക്രൈസ്റ്റ് കോളജിനു ജി.വി. രാജ പുരസ്കാരം മികവിനുള്ള അംഗീകാരമായി. അതോടൊപ്പം ഈ വർഷത്തെ മികച്ച സ്പോർട്സ് ഹോസ്റ്റൽ വിദ്യാർഥിക്കുള്ള ജി.വി. രാജ പുരസ്കാരവും ക്രൈസ്റ്റ് കോളജിലെ നിബിൻ ബൈജു നേടി. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ തുടർച്ചയായി മൂന്നുവർഷം ഓവറോൾ ചാമ്പ്യൻപട്ടം നേടിയ ക്രൈസ്റ്റ് കോളജ് ഈ വർഷം അത്ലറ്റിക്സ് പുരുഷ - വനിതാ വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന ആദ്യ കോളജ് എന്ന നേട്ടത്തിനർഹമായിരുന്നു.
കഴിഞ്ഞവർഷം 48 ടീമുകളെ അണിയിച്ചൊരുക്കി വിവിധ തലങ്ങളിൽ 67 ട്രോഫികളും കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റർ കൊളീജിയറ്റ് മത്സരങ്ങളിൽ 11 ഒന്നാം സ്ഥാനവും 17 രണ്ടാംസ്ഥാനവും എട്ടു മൂന്നാംസ്ഥാനവും നേടി. യൂണിവേഴ്സിറ്റിയുടെ 51 വർഷത്തെ ചരിത്രത്തിൽ റിക്കാർഡ് പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പും പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ത്യയിലെ ഏറ്റവും നല്ല സ്പോർട്സ് പ്രമോട്ടിംഗ് കോളജിനുള്ള 2018ലെ പിഇഎഫ്ഐ ഡോ. പി.എം. ജോസഫ് അവാർഡ് ക്രൈസ്റ്റ് കോളജിനായിരുന്നു. അന്തർദേശീയതലത്തിൽ നാലു സ്വർണവും ഒരു വെങ്കലവും ഓൾ ഇന്ത്യ യൂണിവേഴ്സിറ്റിതലത്തിൽ മൂന്നു സ്വർണവും നാലു വെള്ളിയും എട്ടു വെങ്കലവും ദേശീയതലത്തിൽ 14 സ്വർണവും ഏഴു വെള്ളിയും 15 വെങ്കലവുമടക്കം 56 മെഡലുകളാണു ക്രൈസ്റ്റിന്റെ കായികതാരങ്ങൾ വാരിക്കൂട്ടിയത്.
അന്തർദേശീയ തലത്തിൽ വേൾഡ് യൂണിവേഴ്സിറ്റി ബാഡ്മിന്റണ് മത്സരത്തിൽ ഇ.ജെ. ശിവശങ്കർ, നാലാമത് വേൾഡ് യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആകാശ് ബിനു, എസ്. ഭാഗ്യലക്ഷ്മി, മിലു ഇമ്മാനുവേൽ, നീനു വർഗീസ് തുടങ്ങിയവർ ക്രൈസ്റ്റിനെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ യശസ് ഉയർത്തി.
കേരളത്തെ പ്രതിനിധീകരിച്ച് 36 പുരുഷതാരങ്ങളും 17 വനിതാ താരങ്ങളും കാലിക്കട്ട് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് 69 പുരുഷതാരങ്ങളും 37 വനിതാതാരങ്ങളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
നിരവധി സ്കൂൾ - കോളജ് അത്ലറ്റിക് ഗെയിംസ് മത്സരങ്ങൾക്ക് 22-ൽപരം ഏക്കർ സ്ഥലത്തുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കളിസ്ഥലങ്ങൾ വേദിയായിട്ടുണ്ട്. ആറു ബാസ്കറ്റ്ബോൾ കോർട്ട്, നാലു വോളിബോൾ കോർട്ട്, രണ്ടു ഹാൻഡ്ബോൾ കോർട്ട്, ഹോക്കി ഗ്രൗണ്ട്, രണ്ടു ഖോ- ഖോ കോർട്ട്, ഒരു ബോൾബാഡ്മിന്റണ് കോർട്ട്, രണ്ടു ഫുട്ബോൾ ഗ്രൗണ്ട്, രണ്ടു കബഡി കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട്, അത്ലറ്റിക് സ്റ്റേഡിയം, സിന്തറ്റിക് ടെന്നീസ് കോർട്ട്, ജുഡോ ഹാൾ, റസ്ലിംഗ് ഹാൾ, ജിംനാസ്റ്റിക്സ് ഹാൾ, ടേബിൾ ടെന്നീസ്, ഷട്ടിൽ കോർട്ട്, ഇൻഡോർ ഷൂട്ടിംഗ് റേഞ്ച്, ഇൻഡോർ സ്റ്റേഡിയം, ഫിറ്റ്നസ് സെന്റർ, രണ്ടു നീന്തൽക്കുളങ്ങൾ തുടങ്ങിയവ ക്രൈസ്റ്റ് കോളജിന്റെ കായിക രംഗത്തെ മികവുകളാണ്.
2015 ൽ കാലിക്കട്ട് യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ് നടന്നതു ക്രൈസ്റ്റ് കോളജ് സ്റ്റേഡിയത്തിലാണ്. കായികാധ്യാപകരെ വളർത്തിയെടുക്കാൻ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സും ഈ കോളജിനു സ്വന്തം. 1956 ൽ പത്മഭൂഷൺ ഫാ. ഗബ്രിയേൽ സിഎംഐ ആണ് ക്രൈസ്റ്റ് കോളജിനു തുടക്കം കുറിച്ചത്. സ്പോർട്സിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, പത്തുവർഷത്തോളം പ്രിൻസിപ്പൽ ആയിരുന്ന ഫാ. ജോസ് തെക്കൻ സിഎംഐയുടെ നിതാന്ത പരിശ്രമവും ഈ കായിക നേട്ടങ്ങൾക്കു പിന്നിലുണ്ട്.
ക്രൈസ്റ്റ് കോളജിന് ഇരട്ടത്തിളക്കം...
12:07 AM Jan 17, 2020 | Deepika.com