തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് കേരള താരങ്ങള്‍ക്കു നേരെ വന്ന ഓരോ പന്തുകളും റോക്കറ്റ് വേഗത്തില്‍ ബൗണ്ടറി ലൈനിനു പുറത്തേയ്ക്ക് പായിച്ചപ്പോള്‍ രഞ്ജി ട്രോഫിയില്‍ ഡൽഹിക്കെതിരേ കേരളം ആദ്യദിനം മികച്ച നിലയില്‍. ഒന്നാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ കേരളം മൂന്നു വിക്കറ്റിന് 276 റണ്‍സ് എന്ന നിലയില്‍. കേരളത്തിന്റെ സ്കോറിന് അടിത്തറയിട്ടത് റോബിന് ഉത്തപ്പയുടെ സെഞ്ചുറിയും (102), പി. രാഹുലിന്റെ 97 റണ്സുമാണ്്. ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു കേരളത്തിന്റെ ഓപ്പണര്‍മാരുടെ ബാറ്റിംഗ്. പി. രാഹുലും ജലജ് സക്സേനയും ചേര്‍ന്നുള്ള കൂട്ടുകെട്ട് കേരളാ സ്കോര്‍ 50 കടത്തി.
20.2-ാ മത്തെ ഓവറില്‍ കേരളത്തിന്റെ വിശ്വസ്ത അതിഥിതാരം ജലജ് സക്സേന (32) തേജസ് ബറോക്കയുടെ പന്തില്‍ ലളിത് യാദവിനു ക്യാച്ച് നല്കി പവലിയനിലേക്ക് മടങ്ങി. കേരളാ സ്കോര്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ്. രാഹുലിനു കൂട്ടായി റോബിന് ഉത്തപ്പയെത്തിയതോടെ കേരളം മത്സരത്തില്‍ ശക്തിപ്രാപിച്ചു. 31.4-ാമത്തെ ഓവറില്‍ കേരള സ്കോര്‍ 100 പിന്നിട്ടു. ഡ്രിംഗ്സിനു പിരിയുമ്പോള്‍ കേരളം ഒരു വിക്കറ്റിന് 175 എന്ന സ്കോറിലായിരുന്നു.
ഉത്തപ്പ-രാഹുല്‍ സെഞ്ചുറി കൂട്ടുകെട്ട്
ആതിഥേയര്‍ക്ക് ഒന്നാം ദിനം മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചത് മുന്‍ ഇന്ത്യന്‍ താരം കൂടിയായ റോബിന് ഉത്തപ്പയും ഓപ്പണര്‍ പി.രാഹുലുമായുള്ള കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 118 റണ്‍സാണ് പടുത്തുയര്‍ത്തിയത്. സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന രാഹുലിന് നിര്‍ഭാഗ്യം കൊണ്ടാണ് മൂന്നക്കത്തിലെത്താനാകാതെ പോയത്. സെഞ്ചുറിക്ക് മൂന്നു റണ്‍ അകലെ വച്ച് രാഹുലിനെ വികാസ് മിശ്ര എല്‍ബിഡബ്ല്യുവില്‍ കുടുക്കി. 174 പന്തില്‍ രണ്ട് സിക്സും 11 ഫോറും ഉള്‍പ്പെടെ 97 റണ്‍സാണ് കേരള ഓപ്പണര്‍ നേടിയത്. ഈ സമയം കേരളത്തിന്റെ സ്കോര്‍ 186 റണ്‍സ്.
64 ഓവര്‍ പിന്നിട്ടപ്പോള്‍ കേരളം 200 കടന്നു. 82-ാമത്തെ ഓവറില്‍ റോബിന് ഉത്തപ്പ സെഞ്ചുറി നേടി. മൂന്നു സിക്സും ഏഴു ഫോറും ഉള്‍പ്പെടെ 102 റണ്‍സുമായി നില്‍ക്കെ ഉത്തപ്പ പ്രദീപ് സാഗ്വാന്റെ പന്തില്‍ ലളിത് യാദവിന് ക്യാച്ച് നല്കി പവലിയനിലേക്ക് മടങ്ങി. സ്കോര്‍ മൂന്നു വിക്കറ്റിന് 276 റണ്‍സ്. ഈ സമയം ഒന്നാം ദിനത്തെ കളി അവസാനിപ്പിച്ചു. 36 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന് ബേബി ക്രീസിലുണ്ട്. ദില്ലിക്കുവേണ്ടി പ്രദീപ് സഗ്വാന്, വികാസ് മിശ്ര, തേജസ് ബറോക്ക എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
തോമസ് വര്‍ഗീസ്
തുമ്പയില്‍ കേരളാ റോക്കറ്റ്
11:32 PM Dec 09, 2019 | Deepika.com