കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മെഡൽ ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങുന്നു. ഇന്നു നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ കേരളത്തിന്റെ നാല് വനിതകൾ ഇറങ്ങും. 81 പ്ലസ് ഹെവി വെയ്റ്റ് വിഭാഗത്തിൽ പി.എം. അനശ്വര, 69 കിലോ വിഭാഗത്തിൽ അൻസുമോൾ ബെന്നി, 48 കിലോ വിഭാഗത്തിൽ അഞ്ജു സാബു, 75 കിലോ വിഭാഗത്തിൽ കെ.എ. ഇന്ദ്രജ എന്നിവരാണ് ക്വാർട്ടറിൽ മത്സരിക്കുന്നത്.
ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ 81 പ്ലസ് ഹെവി വെയ്റ്റ് വിഭാഗത്തിൽ പി.എം. അനശ്വര ഉത്തർപ്രദേശിന്റെ ഹിമാനി റാണയെ ആദ്യ റൗണ്ടിൽത്തന്നെ തോൽപ്പിച്ചു. 69 കിലോ വിഭാഗത്തിൽ മലയാളിതാരം അൻസുമോൾ ബെന്നി ലഡാക്കിന്റെ ഫെറിനാ ഇല്യാസിനെ തോൽപ്പിച്ചു. 48 കിലോ വിഭാഗത്തിൽ കേരളത്തിന്റെ അഞ്ജു സാബു ആസാമിന്റെ പ്രിയ ഗോർഖിനെയാണ് തോൽപ്പിച്ചത്. 75 കിലോ വിഭാഗത്തിൽ കേരളത്തിന്റെ കെ.എ. ഇന്ദ്രജ നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു.
അതേസമയം, ചാമ്പ്യന്‍ഷിപ്പിൽ ഓൾ ഇന്ത്യാ പോലീസും റെയിൽവേയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഡൽഹിയും ഹരിയാനയും തൊട്ടുപിന്നിലുണ്ട്. ഇന്നാണ് ക്വാർട്ടർ മത്സരങ്ങൾ നടക്കുന്നത്. 81 കിലോ വിഭാഗത്തിൽ മലയാളിതാരം ശീതൾ ഷാജിയും 51 കിലോ വിഭാഗത്തിൽ മലയാളിതാരം നിസി ലെയ്സി തന്പിയും പ്രീക്വാർട്ടറിൽ പുറത്തായി.
റെനീഷ് മാത്യു
മെഡലിനായി കേരളം
12:05 AM Dec 06, 2019 | Deepika.com