ദുബായ്: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്തിന പിന്തള്ളിയാണ് കോഹ്ലി ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്. പാക്കിസ്ഥാനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് താരങ്ങളായ ഡേവിഡ് വാർണറും മാർനസ് ലബുഷെയ്നും റാങ്കിംഗിൽ വന്പൻ നേട്ടമുണ്ടാക്കി. വാർണർ 12 സ്ഥാനം മുന്നേറി അഞ്ചിൽ എത്തി. ലബുഷെയ്ൻ ആറ് സ്ഥാനം മെച്ചപ്പെടുത്തി എട്ടിലാണിപ്പോൾ. ഈ വർഷത്തിന്റെ തുടക്കത്തിൽ ലബുഷെയ്ൻ 110-ാം റാങ്കിലായിരുന്നു.
ബംഗ്ലാദേശിനെതിരായ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി ഒന്നാമതുള്ള സ്മിത്തുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറച്ചിരുന്നു. നിലവിൽ കോഹ്ലിക്ക് 928ഉം സ്മിത്തിന് 923ഉം പോയിന്റാണുള്ളത്. കെയ്ൻ വില്യംസണ് (877), പൂജാര (791) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറിലാണ്.
ഓൾറൗണ്ടർമാരിൽ വെസ്റ്റ് ഇൻഡീസിന്റെ ജേസൻ ഹോൾഡറും ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തി.
ഷാമി ആദ്യ പത്തിൽ
ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ കരിയറിൽ ആദ്യമായി ആദ്യ പത്തിൽ കടന്ന് ഇന്ത്യയുടെ മുഹമ്മദ് ഷാമി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഷാമി പത്തിലെത്തിയത്. ജസ്പ്രീത് ബുംറ (അഞ്ച്), ആർ. അശ്വിൻ (ഒന്പത്) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ ബൗളർമാർ. ഓസ്ട്രേലിയയുടെ പാറ്റ് കമിൻസും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയും ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തി.
സൂപ്പർ വി
12:10 AM Dec 05, 2019 | Deepika.com