ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. എവേ പോരാട്ടത്തിൽ ബേണ്‍ലിയെ ഒന്നിനെതിരേ നാല് ഗോളുകൾക്കു കീഴടക്കിയായിരുന്നു സിറ്റിയുടെ ജയം. കഴിഞ്ഞ മൂന്ന് സീസണുകളിലായി സിറ്റി മൂന്നിലധികം ഗോളിനു 36-ാം തവണയാണ് ജയിക്കുന്നത്. ബേണ്‍ലിക്കെതിരേ സിറ്റി രണ്ട് എവേ ജയം സ്വന്തമാക്കുന്നത് 1968നുശേഷം ഇതാദ്യമാണ്.
ഗബ്രിയേൽ ജീസസിന്റെ (24, 50) ഇരട്ട ഗോളാണ് സിറ്റിയുടെ ജയത്തിന് ഇന്ധനമേകിയത്. റോഡ്രി (68), റിയാദ് മഹറെസ് (87) എന്നിവരും സിറ്റിക്കായി ഗോൾ നേടി. 89-ാം മിനിറ്റിൽ റെബർട്ട് ബ്രാഡിയുടെ വകയായിരുന്നു ബേണ്‍ലിയുടെ ആശ്വാസ ഗോൾ.
മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 1-0ന് ബോണ്‍മത്തിനെ പരാജയപ്പെടുത്തി. ലീഗിൽ 14 മത്സരങ്ങളിൽനിന്ന് 40 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. 15 മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 32 പോയിന്റാണുള്ളത്. 14 മത്സരങ്ങളിൽ 32 പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്. 21 പോയിന്റുമായി ക്രിസ്റ്റൽ പാലസ് അഞ്ചാമതാണ്.
സിറ്റി ഈസ് ബാക്ക്
12:10 AM Dec 05, 2019 | Deepika.com