കാഠ്മണ്ഡു: ട്വന്റി-20 ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി നേപ്പാളിന്റെ വനിതാ താരം അഞ്ജലി ചന്ദ്. സൗത്ത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി ഇന്നലെ നടന്ന വനിതാ ട്വന്റി-20യിൽ മാലിദ്വീപിനെതിരേ അഞ്ജലി റണ്‍ വഴങ്ങാതെ വീഴ്ത്തിയത് ആറ് വിക്കറ്റ്. 2.1 ഓവറിലാണ് അഞ്ജലിയുടെ ഈ മാജിക് ബൗളിംഗ് അരങ്ങേറിയത്. മത്സരത്തിൽ മാലിദ്വീപ് 10.1 ഓവറിൽ 16 റണ്‍സിന് പുറത്തായി. നേപ്പാൾ വെറും അഞ്ച് പന്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്‍സ് എടുത്ത് ജയം സ്വന്തമാക്കി.
വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇതുവരെയുണ്ടായിരുന്ന മികച്ച ബൗളിംഗ് മൂന്ന് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു. മാലിദ്വീപിന്റെ മസ എലിസ ഈ വർഷം ചൈനയ്ക്കെതിരേ നേടിയ ആ റിക്കാർഡ് ഇതോടെ വഴിമാറി.
പുരുഷ ട്വന്റി-20 ക്രിക്കറ്റിലെ മികച്ച ബൗളിംഗ് ഇന്ത്യയുടെ ദീപക് ചാഹറിന്റെ പേരിലാണ്, 3.2 ഓവറിൽ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ്.
0 റണ്‍സ്, 6 വിക്കറ്റ്! ചരിത്രം കുറിച്ച് നേപ്പാളിന്റെ അഞ്ജലി
12:05 AM Dec 03, 2019 | Deepika.com