ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന പാക് ക്രിക്കറ്റ് ടീമിനെയും കൊണ്ട് ഹോട്ടലിലേക്ക് പോയ ഇന്ത്യൻ ടാക്സി ഡ്രൈവർ ഒടുവിൽ അവരുടെ അതിഥിയായി. സംഭവം ഇങ്ങനെ: പാക് താരങ്ങളായ ഷഹീൻ അഫ്രീദി, യാസിർ ഷാ, നസീം ഷാ എന്നിവരടക്കം അഞ്ചുപേരെയുമായി ഇന്ത്യൻ ഭക്ഷണം കിട്ടുന്ന ഹോട്ടലിലേക്ക് കൊണ്ടുപോയത് ഇന്ത്യക്കാരനായ ടാക്സി ഡ്രൈവറായിരുന്നു. ഹോട്ടലിൽ എത്തിയപ്പോൾ കളിക്കാർ ടാക്സി വാടക നൽകി. എന്നാൽ, ഇന്ത്യൻ ഡ്രൈവർ അത് സ്നേഹത്തോടെ നിരസിച്ചു. പണം വാങ്ങുന്നില്ലെങ്കിൽ തങ്ങളുടെ കൂടെ അത്താഴം കഴിക്കണമെന്നായി പാക് താരങ്ങൾ. അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിന് ഓടുവിൽ അയാൾ വഴങ്ങി.
ഇക്കാര്യം പുറം ലോകമറിഞ്ഞത് എബിസി റോഡിയോ അവതാരകയായ അലിസണ് മിച്ചലിലൂടെയാണ്. അലിസണ് മിച്ചൽ ഓസീസ് മുൻ പേസർ മിച്ചൽ ജോണ്‍സണോട് ലൈവ് കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തി. അലിസണ് മിച്ചലിനെ മത്സരം നടക്കുന്ന ഗാബ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നതും ഇന്ത്യക്കാരനായ ഇതേ ടാക്സി ഡ്രൈവറായിരുന്നു. യാത്രയ്ക്കിടെയാണ് പാക് താരങ്ങൾക്കൊപ്പം അത്താഴം കഴിച്ച കാര്യം ഡ്രൈവർ അലിസനോട് പറഞ്ഞത്.
പാക് ടീമിന്റെ അതിഥിയായി ഇന്ത്യൻ ഡ്രൈവർ
12:07 AM Nov 26, 2019 | Deepika.com