സംസ്ഥാന സ്കൂൾ കായികമേളയിൽ സ്പ്രിന്റ് ഡബിൾ തികച്ചത് രണ്ട് പെണ്‍കുട്ടികൾ. ജൂണിയർ പെണ്‍കുട്ടികളിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിലെ സാന്ദ്രമോൾ സാബു 100 മീറ്ററിനുപിന്നാലെ 200 മീറ്ററിലും സ്വർണം നേടി. ഇന്നലെ നടന്ന 200 മീറ്ററിൽ 25.58 സെക്കൻഡിലായിരുന്നു സാന്ദ്രമോൾ ഫിനിഷിംഗ് ലൈൻ കടന്നത്. കൊല്ലം സായിയുടെ നയന ജോസ് (26.77) വെള്ളിയും പുല്ലൂരാംപാറ സെന്റ് ജോസഫ്സിന്റെ സാനിയ തെരേസ ടോമി (26.79) വെങ്കലവും നേടി.
സീനിയർ പെണ്‍കുട്ടികളുടെ 200 മീറ്ററിൽ ആൻസി സോജനും സ്പ്രിന്റ് ഡബിൾ നേടി. 100 മീറ്ററിനു പിന്നാലെ ഇന്നലെ നടന്ന 200 മീറ്ററിൽ 24.53 സെക്കൻഡിൽ റിക്കാർഡോടെ ആൻസി സ്വർണം സ്വന്തമാക്കി. കോട്ടയം കുറുന്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിന്റെ പി.ഡി. അഞ്ജലി വെള്ളിയും തേവര സേക്രഡ് ഹാർട്ടിലെ ഗൗരി നന്ദന വെങ്കലവും നേടി.
താരം അക്ഷയ്
ജൂണിയർ ആണ്‍കുട്ടികളുടെ 800 മീറ്ററിൽ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ എസ്. അക്ഷയ് ആയിരുന്നു താരം. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയ അക്ഷയ് 800 മീറ്ററിലും വെന്നിക്കൊടി പാറിച്ചു. 1:55.70 സെക്കൻഡിലാണ് അക്ഷയ് സ്വർണം നേടിയത്. കോഴിക്കോട് ബാലുശേരിയിലെ ഷൈലേഷിന്റെയും സിന്ധുവിന്റെയും മകനാണ്.