മാങ്ങാട്ടുപറന്പ്: കണ്ണൂർ സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാംദിനം സൂര്യശോഭയിൽ ജ്വലിച്ചത് ഒരു ജ്യേഷ്ഠനും അനുജനും. കായികക്ഷമതയുടെ കഠിന പരീക്ഷയായ 110 മീറ്റർ ഹർഡിൽസ് പോരാട്ടത്തിൽ പറപറന്ന് സ്വർണം നേടിയ ആർ.കെ. സൂര്യജിത്തിന്റെയും അനുജൻ വിശ്വജിത്തിന്റെയും പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി. അതോടെ കണ്ണൂരിന്റെ സ്വന്തം ഭാഷയിൽ ഗാലറികളിൽനിന്ന് പ്രശംസാവാചകമെത്തി, ങ്ങള് പൊളിച്ച് ബ്രോസ്...
സീനിയർ ആണ്‍കുട്ടികളുടെ 110 മീറ്റർ ഹർഡിൽസിലാണ് സൂര്യജിത്ത് 14.08 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിച്ചാടിയെത്തിയത്. മീറ്റിലെ വേഗമേറിയ താരത്തെ നിശ്ചയിച്ച 100 മീറ്ററിലും സൂര്യജിത്തിനായിരുന്നു സ്വർണം. ജൂണിയർ ആണ്‍കുട്ടികളുടെ ഹർഡിൽസിൽ 14.87 സെക്കൻഡിലാണ് ആർ.കെ. വിശ്വജിത്ത് സ്വർണത്തിലേക്ക് കുതിരശക്തിയോടെ പാഞ്ഞെത്തിയത്.
ഇരുവരും ബിഇഎംഎച്ച്എസ്എസ് പാലക്കാടിന്റെ കുട്ടികളാണ്. വിശ്വജിത്തിന്റെ സ്വർണത്തിനു പിന്നാലെ സൂര്യജിത്തും സ്വർണത്തിലേക്ക് എത്തിയതോടെ പാലക്കാട് യാക്കം തേജസ് ഹൗസിൽ കെ. രമേശിന്റെയും സുമതിയുടെയും കണ്ണുകളിൽ ആനന്ദാശ്രുവിന്റെ തിളക്കം. സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ചരിത്രമുള്ള ആളാണ് വർക് ഷോപ്പ് നടത്തുന്ന രമേശ്. മികച്ച പരിശീലകരും വഴിനടത്താൻ ആളുമില്ലാതായത് അദ്ദേഹത്തിന്റെ കായിക ജീവിതത്തിനു തിരശീലയിട്ടു. തന്റെ രണ്ട് മക്കൾക്കും ആ ഗതിവരരുതെന്ന ഉറച്ച വാശി തനിക്കുണ്ടായിരുന്നെന്ന് രമേശ് പറഞ്ഞു. കഴിഞ്ഞ ജൂണിയർ നാഷണൽസിൽ വിശ്വജിത്തിന് സ്വർണവും സൂര്യജിത്തിന് വെങ്കലവും ലഭിച്ചിരുന്നു.
സീനിയർ ആണ്‍കുട്ടികളുടെ ഹർഡിൽസിൽ കാസർഗോഡ് സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ ഡീൻ ഹാർമിഷ് ബിജുവിനാണ് വെള്ളി, 14.34 സെക്കൻഡ്. ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ താനൂർ ഡിജിഎച്ച്എസ്എസ്എസിലെ വി. മുഹമ്മദ് ഹനാനാണ് (14.91) വെള്ളി.
ആൻ, നയന, മെൽബ
ജൂണിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ താരമായത് സായ് കൊല്ലത്തിന്റെ നയന ജോസാണ്. 15.14 സെക്കൻഡിലാണ് നയന ഫിനിഷിംഗ് ലൈൻ കടന്ന് സ്കൂൾ മീറ്റുകളിലെ തന്റെ ആദ്യ സ്വർണത്തിലെത്തിയത്. ഒളിന്പ്യൻ അനിൽകുമാറിന്റെ ശിക്ഷണത്തിലെത്തിയതോടെ രണ്ട് വർഷം മുന്‍പാണ് ഹർഡിൽസിലേക്ക് ചുവടു മാറിയത്. 100 മീറ്ററിൽ മത്സരിച്ചിരുന്ന നയന അതോടെ 110 മീറ്റർ ഹർഡിലേക്ക് എത്തി.
സീനിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിലിൽ മിന്നും താരമായത് ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ ആൻ റോസ് ടോമി. 15.12 സെക്കൻഡിലാണ് ആൻ പൊന്നണിഞ്ഞത്.
ജാവലിൻ ത്രോയിലും മീറ്റ് റിക്കാർഡ്
സീനിയർ ഗേൾസ് ജാവലിൻ ത്രോയിലും ഇന്നലെ മീറ്റ് റിക്കാർഡ് പിറന്നു. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ പ്ലസ് ടു വിദ്യാർഥിയായ അലീത്ത കുമ്മി സുനിലിനാണ് റിക്കാർഡ്. 2018 ൽ വി.ഡി അഞ്ജലി സ്ഥാപിച്ച 33.07 റിക്കാർഡാണ് അലീത്ത മറി കടന്നത്. 34.94 ദൂരമാണ് പുതിയ റിക്കാർഡ്. മലബാർ സ്പോർട്സ് അക്കാഡമിയിലായിരുന്നു അലീത്തയുടെ പരിശീലനം.
കോടഞ്ചേരി കണ്ണോത്ത് വെട്ടിക്കുഴിയിൽ സുനിൽ-ഡയാന ദന്പതികളുടെ മകളാണ് അലീത്ത. ജോസൻ അൽമോദാത് ഏക സഹോദരനാണ്. അച്ഛൻ സുനിൽ ഡ്രൈവറാണ്. മലപ്പുറം എകെഎച്ച്എം യുപി സ്കൂളിലെ കായികാധ്യാപകനായ സുനിൽ ജോണാണ് അലീത്തയുടെ പ്രധാന പരിശീലകരിൽ ഒരാൾ. ടോമി ചെറിയാനും പരിശീലകനാണ്.
അനീഷ് ആലക്കോട്
പൊളി ബ്രോസ്...
12:00 AM Nov 19, 2019 | Deepika.com