മാങ്ങാട്ടുപറന്പ് (കണ്ണൂർ): ആൻസി സോജന്റെ പോരാട്ട വീര്യത്തിനു മുന്നിൽ പാദത്തിലേറ്റ പരിക്കും മീറ്റ് റിക്കാർഡും നമ്രശിരസ്കരായി. നാട്ടികയിലെ ഓട്ടോഡ്രൈവറായ ഇ.ടി. സോജന്റെയും ജാൻസിയുടെയും മകളായ ആൻസി മിന്നൽപ്പിണർ പോലെ പാഞ്ഞെത്തി മീറ്റ് റിക്കാർഡോടെ വനിതാ വേഗതാരമായി, 12.05 സെക്കൻഡിൽ സുവർണവര കടന്നപ്പോൾ ചരിത്രത്താളിനിന്ന് ആൻസി അപ്രത്യക്ഷമാക്കിയത് ജിസ്ന മാത്യു 2015ൽ കുറിച്ച 12.08 സെക്കൻഡിന്റെ റിക്കാർഡായിരുന്നു.
അതികഠിനമായ പരിക്ക് വകവയ്ക്കാതെയാണ് ആൻസി മാങ്ങാട്ടുപറന്പിൽ എത്തിയത്. ഈമാസം ആദ്യം നടന്ന ഗുണ്ടൂർ ദേശീയ ജൂണിയർ മീറ്റിൽ 100 മീറ്റർ വെങ്കലം നേടുന്പോഴും പരിക്കിന്റെ വേദന ആൻസിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അതോടെ 2020 ലോക ജൂണിയർ ചാന്പ്യൻഷിപ്പിനുള്ള ക്യാന്പിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ഇടതു കാൽതുടയിൽ ബാൻഡേജുമായാണ് ആൻസി പോരാട്ടത്തിനെത്തിയത്. ആദ്യ 60 മീറ്ററിൽത്തന്നെ ലീഡ് നേടിയ ഗവ. ഫിഷറീസ് എച്ച്എസ്എസ് നാട്ടികയുടെ ആൻസി എതിരില്ലാതെയാണ് ഫിനിഷിംഗ് ലൈൻ കടന്നത്. കോട്ടയം ഭരണങ്ങാനം സ്പോർട്സ് അക്കാഡമിയുടെ ആൻ റോസ് ടോമിക്കാണ് (12.43) വെള്ളി. കുമരംപുത്തൂർ സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ പി.ഡി. അഞ്ജലി (12.50) വെങ്കലം നേടി.
ഫോട്ടോഫിനിഷിൽ സൂര്യജിത്ത്
സീനിയർ ആണ്‍കുട്ടികളുടെ വേഗമേറിയതാരത്തെ നിശ്ചയിച്ച 100 മീറ്റർ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലൂടെ ആർ.കെ. സൂര്യജിത്ത് സൂര്യതേജസോടെ സ്വർണത്തിൽ മുത്തമിട്ടു. പാലക്കാട് ബിഇഎംഎച്ച്എസ്എസിന്റെ താരമായ സൂര്യജിത്ത് 11.02 സെക്കൻഡിലാണ് വേഗമേറിയ താരമായത്. സായ് തിരുവനന്തപുരത്തിന്റെ ആകാശ് എം. വർഗീസ് (11.03) വെള്ളിയും കല്ലടി എച്ച്എസിന്റെ മുഹമ്മദ് ഷനൂബ് (11.14) വെങ്കലവും നേടി. 100 മീറ്ററിൽ ആദ്യമായാണ് സൂര്യജിത്ത് മത്സരിക്കാനെത്തിയതെന്നതാണ് ശ്രദ്ധേയം. മികച്ച സ്റ്റാർട്ടിംഗ് ലഭിക്കാതിരുന്നിട്ടും അവസാന 25 മീറ്ററിൽ ഉജ്വല സ്പ്രിന്റിലൂടെയായിരുന്നു സൂര്യജിത്തിന്റെ സുവർണനേട്ടം. 110 മീറ്റർ ഹർഡിൽസിൽ ഗുണ്ടൂർ ദേശീയ ജൂണിയർ മീറ്റിൽ വെങ്കല ജേതാവാണ്. കഴിഞ്ഞ സ്കൂൾമീറ്റിലും 110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിരുന്നു.
സാന്ദ്ര, മുഹമ്മദ് ഹനാൻ
ജൂണിയർ ആണ്‍കുട്ടികളുടെ 100 മീറ്ററിൽ മലപ്പുറം താനൂർ ഡിജിഎച്ച്എസ്എസിലെ വി. മുഹമ്മദ് ഹനാൻ 11.36 സെക്കൻഡിൽ സ്വർണത്തിലെത്തി. കായിക കുടുംബത്തിൽനിന്നാണ് ഹനാന്റെ വരവ്. ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻകാരനായ സഹോദരൻ മുഹമ്മദ് അർഷാദാണ് പരിശീലകൻ. ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പൂഞ്ഞാർ എസ്എംവിഎച്ച്എസ്എസിന്റെ സാന്ദ്ര മോൾ സാബു (12.59) സ്വർണവും എറണാകുളം സെന്റ് തെരേസാസിലെ ഫിസ റഫീഖ് (12.82) വെള്ളിയും കോട്ടയം ഭരണങ്ങാനം സ്പോർട്സ് കൗണ്‍സിൽ സ്കൂളിന്റെ അലീന വർഗീസ് (12.90) വെങ്കലവും സ്വന്തമാക്കി.
“പൊക്കമില്ലായ്മയാണെന്റെ പൊക്കം’’സബ് ജൂണിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ ഫൈനലിൽ മത്സരിക്കാനെത്തിയതിൽ ഏറ്റവും ഉയരംകുറവ് പാലക്കാട് കണിക്കാംതറ കോണ്‍വെന്റ് ജിഎച്ച്എസ്എസിലെ ജി. താരയ്ക്കായിരുന്നു. എന്നാൽ, പൊക്കത്തിൽ കാര്യമില്ലെന്ന് തെളിയിച്ച് താര 12.96 സെക്കൻഡുമായി സ്വർണത്തിൽ മുത്തമിട്ടു. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ ജെ.എസ്. നിവേദ്യക്കാണ് (13.25) വെള്ളി. തിരുവനന്തപുരം സായിയിലെ സ്നേഹ ജേക്കബ് (13.26) വെങ്കലം നേടി. സബ് ജൂണിയർ ആണ്‍കുട്ടികളിൽ ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വാംഗ് മായും മുകറാമിനാണ് (11.79) സ്വർണം. എം.കെ. വിഷ്ണു (11.84) വെള്ളിയും പി.എസ്. രമേഷ് (11.97) വെങ്കലവും സ്വന്തമാക്കി.
അനീഷ് ആലക്കോട്