ദുബായ്: 2022 ഖത്തർ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് ഇയിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. മൂന്ന് പോയിന്റുമായി അഫ്ഗാനിസ്ഥാൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. ഖത്തറും ഒമാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ഗ്രൂപ്പിലെ ആദ്യ ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഖത്തറിനെതിരേ അവരുടെ തട്ടകത്തിൽ സമനില നേടിയതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം.
അവസരങ്ങൾ ഉണ്ടാക്കിയെടുത്താൽ മാത്രം പോരാ അത് ഗോളാക്കി മാറ്റിയാലേ ജയം സാധ്യമാകൂ എന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി അഭിപ്രായപ്പെട്ടു. ഖത്തറിനെതിരായ മത്സരത്തിനുശേഷം കോൽക്കത്തയിൽവച്ച് ബംഗ്ലാദേശിനെ നേരിട്ട നീലക്കടുവകൾ 1-1ന്റെ കുരുക്കിലകപ്പെട്ടിരുന്നു. ബംഗ്ലാദേശിനെതിരേ ഒരു ഗോളിനു പിന്നിലായ ഇന്ത്യയെ 88-ാം മിനിറ്റിൽ ആദിൽ ഖാന്റെ ഹെഡർ ഗോളാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ് വിശ്രമത്തിലുള്ള പ്രതിരോധതാരം സന്ദേശ് ജിങ്കന്റെ അഭാവം ടീമിൽ നിഴലിക്കുന്നുണ്ടെന്ന് ഛേത്രി സമ്മതിച്ചു.
ഇന്ത്യ x അഫ്ഗാൻ പോരാട്ടം നാളെ
12:02 AM Nov 13, 2019 | Deepika.com