ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ലയണൽ മെസിയുടെ ഫ്രീകിക്ക് മാജിക്കിൽ ബാഴ്സലോണയ്ക്കു മിന്നും ജയം. സെൽറ്റ വിഗോയ്ക്കെതിരായ ഹോം മത്സരത്തിൽ രണ്ട് ഫ്രീകിക്ക് ഗോളുൾപ്പെടെ ഡെഡ് ബോൾ ഹാട്രിക്ക് പ്രകടനവുമായി മെസി കളംനിറഞ്ഞപ്പോൾ ബാഴ്സ 4-1ന്റെ ജയം സ്വന്തമാക്കി. 23-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മെസി ഗോൾ വേട്ടയ്ക്കു തുടക്കമിട്ടു.
45+1, 48 മിനിറ്റുകളിലെ ഫ്രീകിക്ക് ഗോളുകളിലൂടെ അർജന്റൈൻ സൂപ്പർ താരം ഹാട്രിക് പൂർത്തിയാക്കി. 85-ാം മിനിറ്റിൽ സെർജ്യോ ബുസ്ക്വെറ്റ്സ് ആതിഥേയരുടെ ഗോൾ പട്ടിക പൂർത്തിയാക്കി. 42-ാം മിനിറ്റിൽ ലൂക്കാസ് ഒലാസയുടെ വകയായിരുന്നു സെൽറ്റയുടെ ഏകഗോൾ. ഫ്രീകിക്കിലൂടെയായിരുന്നു സെൽറ്റ താരത്തിന്റെ ഗോളെന്നതും ശ്രദ്ധേയം.
സ്പാനിഷ് ലാ ലിഗയിൽ മെസി നേടുന്ന 34-ാം ഹാട്രിക്കാണിത്. ഇതോടെ ലാ ലിഗയിൽ ഏറ്റവും അധികം ഹാട്രിക്ക് എന്ന റിക്കാർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പമെത്തുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ ഐബറിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കു കീഴടക്കി. കരിം ബെൻസെമ (17, 29 പെനൽറ്റി) ഇരട്ട ഗോൾ നേടിയപ്പോൾ സെർജ്യോ റാമോസ് (20 പെനൽറ്റി), ഫെഡെറിക്കോ വാൽവെർഡെ (61-ാം മിനിറ്റ്) എന്നിവരും റയലിനായി വലകുലുക്കി. മറ്റു മത്സരങ്ങളിൽ വലൻസിയ 2-0ന് ഗ്രനഡയെയും അലവെസ് 3-0ന് വയ്യഡോലിഡിനെയും കീഴടക്കി.
ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 25 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. ഇത്രയും പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.
ഫ്രീകിക്ക് മെസി
12:13 AM Nov 11, 2019 | Deepika.com