മുംബൈ: കേരളത്തിനു സ്വന്തമായി ഒരു ഐപിഎൽ ട്വന്റി-20 ടീം വരുന്നു. അകാലത്തിൽ പൊലിഞ്ഞ കൊച്ചി ടസ്കേഴ്സിനുശേഷം കേരളത്തിനു സ്വന്തമായി ഒരു ഐപിഎൽ ടീം ഇല്ലായിരുന്നു. എന്നാൽ, ക്രിക്കറ്റ് ആരാധകർ ഏറെയുള്ള കേരളത്തിലേക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് മടങ്ങിയെത്തുന്നതിനുള്ള ചരടുവലികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. കൊച്ചിക്കു പകരം തിരുവനന്തപുരത്താകും ക്ലബ്ബിന്റെ ആസ്ഥാനമെന്നാണ് സൂചന. ഐപിഎലിലേക്ക് പുതിയ ടീമുകൾ വരുന്നതിന്റെ ഭാഗമായാകും ഇത്. എന്നാൽ, 2021 സീസണിലാകും ഇതു സാധ്യമാകുക. അതേസമയം, തിരുവനന്തപുരം, ലക്നോ, ഗുവാഹത്തി എന്നീ മൂന്ന് നഗരങ്ങളിൽ 2020 ഐപിഎൽ മത്സരങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്.
കിംഗ്സ് ഇലവൻ പഞ്ചാബ് തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായി ലക്നോയെ സ്വീകരിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. രാജസ്ഥാൻ റോയൽസ് ആകട്ടെ തങ്ങളുടെ സെക്കൻഡ് ഹോം അഹമ്മദാബാദിൽനിന്ന് ഗുവാഹത്തിയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. ഇക്കാര്യങ്ങൾ തത്വത്തിൽ അംഗീകരിക്കപ്പെട്ടതായാണ് സൂചന.
അതേസമയം, തിരുവനന്തപുരത്ത് ഏത് ടീമാകും എത്തുക എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. തിരുവനന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയം, കാണികൾ, സൗകര്യം തുടങ്ങിയ കാര്യങ്ങളിൽ ഐപിഎൽ ഗവേണിംഗ് കമ്മിറ്റിക്ക് പൂർണ സംതൃപ്തിയാണുള്ളത്.
തിരുവനന്തപുരത്ത് ഐപിഎൽ ടീം ?
11:11 PM Nov 09, 2019 | Deepika.com