ആന്റിഗ്വ: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആറ് വിക്കറ്റ് ജയം നേടിയപ്പോൾ നിർണായക പങ്കുവഹിച്ച സ്മൃതി മന്ദാന അപൂർവ നേട്ടത്തിലെത്തി. 63 പന്തിൽ ഒന്‍പത് ഫോറും മൂന്നു സിക്സും സഹിതം 74 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ ഇന്നിംഗ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ചേസ് ചെയ്യുന്പോൾ ഏകദിനത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടുന്ന വനിതാ താരമെന്ന റിക്കാർഡാണ് സ്മൃതി സ്വന്തമാക്കിയത്.
സ്മൃതിക്കൊപ്പം ജെമിമ റോഡ്രിഗസും (69) ഇന്ത്യക്കായി അർധസെഞ്ചുറി നേടി. 47 പന്ത് ബാക്കിനിർത്തിയാണ് ഇന്ത്യൻ വനിതകൾ 195 റണ്‍സ് ചേസ് ചെയ്തത്.
ഏകദിനത്തിൽ വേഗത്തിൽ 2000 റണ്‍സ് നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും സ്മൃതിക്കായി. ഇരുപത്തിമൂന്നുകാരിയായ സ്മൃതി 51-ാം ഇന്നിംഗിസിലാണ് 2000 ക്ലബ്ബിലെത്തിയത്. 48 ഇന്നിംഗ്സിൽ ഈ നേട്ടത്തിലെത്തിയ ശിഖർ ധവാനാണ് സ്മൃതിക്കു മുന്നിലുള്ളത്. ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കാണ് വനിതാ വിഭാഗത്തിൽ വേഗത്തിൽ 2000 ക്ലബ്ബിലെത്തിയത്, 41 ഇന്നിംഗ്സിൽനിന്ന്.
സ്മൃതി സൂപ്പറാണ്...
11:58 PM Nov 07, 2019 | Deepika.com