രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 ഇന്ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്പോൾ മലയാളികളുടെ കാത്തിരിപ്പ് സഞ്ജു വി. സാംസണ് ടീമിലുണ്ടാകുമോ എന്നതിനായി.
മൂന്ന് മത്സര പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര ശോഭിക്കാത്തതായിരുന്നു തോൽവിയുടെ കാരണങ്ങളിലൊന്ന്. ബാറ്റിംഗ് ലൈനപ്പിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് ക്യാപ്റ്റൻ രോഹിത് ശർമ നല്കുന്നത്. അങ്ങനെയെങ്കിൽ സഞ്ജുവിന് ഇന്നും പ്ലേയിംഗ് ഇലവണിൽ ഇടംലഭിച്ചേക്കില്ല. മഴ ഭീഷണി നിലനിൽക്കേയാണ് ഇന്നത്തെ മത്സരം എന്നതും ഇന്ത്യക്ക് പ്രതികൂലഘടകമാണ്.
ഓപ്പണിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശിഖർ ധവാൻ തന്നെയാവും ഇന്നും ഇറങ്ങുക. ആദ്യ മത്സരത്തിൽ ടോപ് സ്കോററായെങ്കിലും ധവാന്റെ മെല്ലെപ്പോക്കിനെതിരേ വിമർശനമുയർന്നിരുന്നു. മൂന്നാം നന്പറായി കെ.എൽ. രാഹുൽ ഇന്നും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം നന്പറിൽ ശ്രേയസ് അയ്യരും അഞ്ചാമനായി ഋഷഭ് പന്തും എത്തുന്പോൾ ആറാം നന്പറിൽ കൃണാൽ പാണ്ഡ്യക്ക് വീണ്ടും അവസരം ഒരുങ്ങും. ഡിആർഎസ് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളിൽ പന്തിന് ആദ്യ മത്സരത്തിൽ പിഴവ് സംഭവിച്ചിരുന്നു. പന്തിനു പകരം സഞ്ജു എത്തുമോ എന്നത് അവസാന നിമിഷം മാത്രമേ അറിയാൻ സാധിക്കൂ. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പേസ് ബൗളിംഗിൽ ആദ്യ മത്സരത്തിൽ നിറം മങ്ങിയ ഖലീൽ അഹമ്മദിനു പകരം ശാർദുൽ ഠാക്കൂർ അവസാന പതിനൊന്നിൽ ഉൾപ്പെടും.
മറുവശത്ത് ഇന്ത്യക്കെതിരേ ട്വന്റി-20യിലെ ആദ്യ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. മഴ ഭീഷണി നിലനിൽക്കുന്നതും സന്ദർശകർക്ക് ആശ്വാസകരമാണ്. ഇന്നും ജയിച്ചാൽ പരന്പര സ്വന്തമാക്കാൻ ബംഗ്ല കടുവകൾക്കു സാധിക്കും. മഴയിൽ മത്സരം ഉപേക്ഷിച്ചാൽ മൂന്നാം മത്സരത്തിൽ പരാജയപ്പെട്ടാൽപോലും 1-1ൽ പരന്പര എത്തിക്കാമെന്ന ഉറപ്പിലാണ് അവർ.
ടീമിൽ മാറ്റമുണ്ടാകും
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാവുമെന്ന സൂചന നൽകിയ ക്യപ്റ്റൻ രോഹിത് ശർമ. ബാറ്റിംഗിലല്ല, ബൗളിംഗിലാകും മാറ്റമുണ്ടാകുകയെന്നും രോഹിത് വ്യക്തമാക്കി. ബാറ്റിംഗ് ഓർഡർ മാറ്റേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആദ്യ മത്സരത്തിൽ ബാറ്റിംഗ് നിര മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തതെന്നും രോഹിത് പറഞ്ഞു.
പിച്ചും സാഹചര്യങ്ങളും അനുസരിച്ചാണ് അന്തിമ തീരുമാനമെടുക്കുക. ഡൽഹിയിലെ പിച്ച് കൂടി കണക്കിലെടുത്താണ് ഖലീലിനെയും ചാഹറിനെയും പേസ് ബൗളർമാരായി കളിപ്പിച്ചത്. ഡൽഹി പിച്ചിനെക്കാൾ റണ്സ് പിറക്കുന്നതാണ് രാജ്കോട്ടിലേതെന്നും ബൗളർമാർക്കും ചെറിയ സഹായം ലഭിക്കുമെന്നും രോഹിത് പറഞ്ഞു.
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ട്വന്റി-20 ഇന്ന്
12:08 AM Nov 07, 2019 | Deepika.com