ധാക്ക: ഈഡന് ഗാര്‍ഡന്‍സില്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം നടത്താന്‍ ബിസിസിഐക്കു താത്പര്യമുണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ബംഗ്ലാദേശ് രണ്ടു ടെസ്റ്റില്‍ കളിക്കും. രണ്ടാം ടെസ്റ്റ് ഈഡന് ഗാര്‍ഡന്‍സില്‍ നടക്കും. ഡേ നൈറ്റ് ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ച് ബിസിബിയില്നിന്ന് സമ്മതമൊന്നും ലഭിച്ചിട്ടില്ല. ഈഡന് ഗാര്‍ഡന്‍സില്‍ ഡേ നൈറ്റ് ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ചുള്ള ബിസിസിഐയുടെ കത്ത് രണ്ടു ദിവസം മുമ്പ് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ആലോചിക്കും. പക്ഷേ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഇതേക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന് ചെയര്മാന് അക്രം ഖാന് പറഞ്ഞു.
ഡേ നൈറ്റ് ടെസ്റ്റ് നടത്തുന്നതിന് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി സമ്മതം അറിയിച്ചതായി ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. തീരുമാനമായാല്‍ ഇന്ത്യ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിക്കുക ബംഗ്ലാദേശിനെതിരേയുള്ള പരമ്പരയിലാകും.
നവംബര്‍ 14ന് ഇന്‍ഡോറിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 22ന് ഈഡന് ഗാര്‍ഡന്‍സില്‍ തുടങ്ങും.
കളിക്കാരും ടീം മാനേജ്മെന്റും സമ്മതമറിയിച്ചാല്‍ മാത്രമേ ബിസിബിക്ക് ബിസിസിഐക്ക് ഉറപ്പു നല്കാനാകുവെന്ന് ബിസിബി ചീഫ് നിസാമുദിന്‍ ചൗധരി പറഞ്ഞു.
ഈഡന് ഗാര്‍ഡന്‍സില്‍ ബിസിസിഐ ഡേ നൈറ്റ് ടെസ്റ്റിനു ശ്രമിക്കുന്നതായി ബിസിബി
12:47 AM Oct 28, 2019 | Deepika.com