അഡ്ലെയ്ഡ്: ഓസ്ട്രേലിയയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിലേക്ക് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തി. ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ പരമ്പരയിലേക്കാണ് ഇരുവരെയും വിളിച്ചത്. നാളെ പരമ്പരയ്ക്കു തുടക്കമാകും. അടുത്ത വര്‍ഷം ഓസ്ട്രേലിയ ആതിഥേയരാകുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കത്തിനാണ് സ്മിത്തിനെയും വാര്‍ണറെയും ടീമിലെത്തിക്കുന്നത്.
പന്തു ചുരുണ്ടലുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം വിലക്കിലായിരുന്ന ഇരുവരും ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ഏകദിനത്തിലും ആഷസ് ടെസ്റ്റ് പരമ്പരയിലും സ്മിത്തും വാര്‍ണറും ഉള്‍പ്പെട്ടിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും വെന്നിക്കൊടിപാറിച്ചിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയ്ക്ക് ട്വന്റി 20 ലോകകപ്പ് നേടാനായിട്ടില്ല. 2010ല്‍ ഫൈനലിലെത്തിയതാണ് ഏറ്റവും വലിയ നേട്ടം.
അടുത്ത ഒക്ടോബറില്‍ നാട്ടില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനെ ലക്ഷ്യമിട്ട് ടീമിനെ ഒരുക്കുന്നതിനുള്ള തയാറെപ്പായാണ് സെലക്ടര്‍മാര്‍ പരമ്പരയെ കാണുന്നത്. ആരോണ്‍ ഫിഞ്ചാണ് നായകന്.
ആഷസ് പരമ്പരയിലൂടെ ടെസ്റ്റില്‍ തിരിച്ചെത്തിയ സ്മിത്ത് പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഈ പരമ്പരയില്‍ വാര്‍ണര്‍ പരാജയമായിരുന്നെങ്കിലും ഓസ്ട്രേലിയയ്ക്കായി ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരത്തെ ഒഴിവാക്കാന്‍ തയാറായില്ല. ഫിഞ്ചിനൊപ്പം വാര്‍ണറാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ബൗളിംഗില്‍ കുന്തമുനകളാകും. ഇവര്‍ക്കൊപ്പം ആന്‍ഡ്രൂ ടൈ, കെയ്ന്‍ റിച്ചാര്ഡ്സണ്, ബില്ലി സ്റ്റാന്‍ലേക് എന്നിവരുമുണ്ടാകും.
ഓസീസ് ട്വന്റി 20 ടീമില്‍ സ്മിത്തും വാര്‍ണറും തിരിച്ചെത്തി
12:20 AM Oct 26, 2019 | Deepika.com