ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യവും ഹരിയാനയിൽ ബിജെപിയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റുകളിൽ ബിജെപി സഖ്യം 243 നേടുമെന്നാണു ന്യൂസ് 18 ഇപ്സോസ് പ്രവചനം. കോൺഗ്രസ്-എൻസിപി സഖ്യം 41 സീറ്റിലൊതുങ്ങും. ബിജെപി 142 സീറ്റോടെ കേവല ഭൂരിപക്ഷത്തിനടുത്തെത്തുമെന്നും ശിവസേന 102 സീറ്റ് നേടുമെന്നും ന്യൂസ് 18 ഇപ്സോസ് പ്രവചിക്കുന്നു. ഹരിയാനയിൽ ബിജെപിക്ക് 77 സീറ്റു വരെ പ്രവചിക്കുന്നുണ്ട്. 2014ൽ ബിജെപിക്ക് 47 സീറ്റാണുണ്ടായിരുന്നത്.