യൂറോപ്യൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ആൻഡി മുറെ ക്വാർട്ടറിൽ. ബെൽജിയത്തിലെ ആന്റ്വെർപിൽ നടക്കുന്ന ചാന്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഉറുഗ്വെയുടെ പാബ്ലോ ക്യുവേസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് മുറെ അവസാന എട്ടിൽ ഇടംപിടിച്ചത്. സ്കോർ: 6-4, 6-3. ക്വാർട്ടറിൽ റൊമാനിയയുടെ മാര്യസ് ചൊപിൽ ആണ് മുറെയുടെ എതിരാളി.
മൂന്ന് തവണ ഗ്രാൻസ്ലാം ജേതാവും മുൻ ലോക ഒന്നാം നന്പറുമായ മുറെ പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു. പത്ത് മാസത്തോളം സജീവ ടെന്നീസിൽനിന്ന് വിട്ടുനിന്നശേഷമാണ് മുറെ തിരിച്ചെത്തിയിരിക്കുന്നത്.
ഇറ്റലിയുടെ ജാനിക് സിന്നർ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അമേരിക്കയുടെ ഫ്രാൻസെസ് തിയാഫോയെ കീഴടക്കി സെമിയിൽ പ്രവേശിച്ചു. സ്കോർ: 6-4, 3-6, 6-3.
ആൻഡി മുറെ ക്വാർട്ടറിൽ
11:32 PM Oct 18, 2019 | Deepika.com