ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്കു ഐസിസി റാങ്കിംഗിൽ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. പരിക്കിനെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന പരന്പരയിൽ സ്മൃതി കളിച്ചിരുന്നില്ല.
ഇതോടെ ന്യൂസിലൻഡ് താരം എമി സാറ്റേർത്വെയ്റ്റ് ഒന്നാം സ്ഥാനത്ത് എത്തി. 759 പോയിന്റാണ് എമിക്കുള്ളത്. സ്മൃതിക്ക് 755ഉം. ഓഗസ്റ്റ് മുതൽ മെട്ടേണിറ്റി ലീവിലുള്ള എമി ഏഴ് മാസം മുന്‍പാണ് അവസാന ഏകദിനം കളിച്ചതെന്നതാണ് വസ്തുത. ലോകത്തിലെ നന്പർ വണ്‍ അമ്മ എന്ന വിശേഷണമാണ് ന്യൂസിലൻഡ് ക്യാപ്റ്റനെ തേടിയെത്തുന്നത്.
ഏഴാം സ്ഥാനത്തുള്ള ക്യാപ്റ്റൻ മിതാലി രാജ് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ബൗളർമാരുടെ റാങ്കിംഗിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. ജുലൻ ഗോസ്വാമി, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവർ ആറ്, എട്ട്, ഒന്‍പത് സ്ഥാനത്തുണ്ട്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ദീപ്തി ശർമ മൂന്നാമതാണ്. ശിഖ പാണ്ഡെ പത്താം സ്ഥാനം സ്വന്തമാക്കി. ടീം റാങ്കിംഗിൽ ഓസ്ട്രേലിയയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
സ്മൃതി മന്ദാനയ്ക്ക് ഒന്നാം റാങ്ക് നഷ്ടം
11:43 PM Oct 15, 2019 | Deepika.com