പൂന: രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ എറിഞ്ഞിട്ടു. ഇന്ത്യയുടെ റണ്മലയായ അഞ്ചിന് 601 റണ്‍സ് എന്നതിനെതിരേ ക്രീസിലെത്തിയ സന്ദർശകർ 275നു പുറത്തായി.
അതോടെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 326 റണ്‍സ് ലീഡ് ലഭിച്ചു. വാലറ്റത്ത് വെറോണ്‍ ഫിലാൻഡറും കേശവ് മഹാരാജും നടത്തിയ ചെറുത്തുനിൽപ്പ് മറികടന്നാണ് 275ന് ഇന്ത്യ എറിഞ്ഞിട്ടത്. ഫിലാൻഡർ-മഹാരാജ് കൂട്ടുകെട്ടിൽ ഇന്ത്യ വിയർത്തെന്നതും വാസ്തവമാണ്.
ഫിലാൻഡർ-മഹാരാജ്
117 പന്തിൽ 64 റണ്‍സ് നേടിയ ഫാഫ് ഡുപ്ലസി സ്കോർബോർഡിൽ 162 റണ്‍സ് ഉള്ളപ്പോൾ പുറത്തായി. അതോടെയാണ് ക്രീസിൽ മഹാരാജും ഫിലാൻഡറും ഒന്നിച്ചത്. ഡുപ്ലസി പുറത്താകുന്പോൾ 58.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ, ഒന്‍പതാം വിക്കറ്റിൽ 109 റണ്‍സ് പിറന്നപ്പോൾ ഇന്ത്യ വിഷമവൃത്തത്തിലായി. 132 പന്തിൽ 72 റണ്‍സ് എടുത്ത മഹാരാജിനെ അശ്വിൻ, രോഹിത് ശർമയുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആശ്വാസമേകി. അപ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 101.4 ഓവറിൽ 271ൽ എത്തിയിരുന്നു. നാല് റണ്‍സ് കൂടി ചേർക്കുന്നതിനിടെ കഗിസൊ റബാദയെ (രണ്ട് റണ്‍സ്) വിക്കറ്റിനു മുന്നിൽ കുടുക്കി അശ്വിൻ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനു തിരശീലയിട്ടു.
ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ട് വിശാഖപട്ടണത്തും ഇന്ത്യയെ വിഷമിപ്പിച്ചിരുന്നു. അന്ന് മുത്തുസാമിയും പീഡ്റ്റും 194 പന്ത് നേരിട്ട് 91 റണ്‍സ് നേടിയിരുന്നു.
ഫോളോ ഓണ്‍ ?
ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓണിനു വിടുമോ എന്ന് ഇന്നു രാവിലെയെ അറിയൂ. ഇന്നലെ മുഴുവൻ പന്ത് എറിഞ്ഞ ബൗളർമാർക്ക് വിശ്രമം നല്‍കാനായിരിക്കും ഒരു പക്ഷേ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തീരുമാനിക്കുക. അങ്ങനെയെങ്കിൽ ഇന്നത്തെ രണ്ട് സെഷനെങ്കിലും ഇന്ത്യ ബാറ്റ് ചെയ്യും.
69 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും 37 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവുമാണ് ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 601/5 ഡിക്ലയേഡ്.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: എൽഗർ ബി ഉമേഷ് 6, മാർക്രം എൽബിഡബ്ല്യു ബി ഉമേഷ് 0, ഡി ബ്രൂയിൻ സി സാഹ ബി ഉമേഷ് 30, ബൗമ സി സാഹ ബി ഷാമി 8, നോർഷെ സി കോഹ്ലി ബി ഷാമി 3, ഡുപ്ലസി സി രഹാനെ ബി അശ്വിൻ 64, ഡി കോക്ക് ബി അശ്വിൻ 31, മുത്തുസാമി എൽബിഡബ്ല്യു ബി ജഡേജ 7, ഫിലാൻഡർ നോട്ടൗട്ട് 44, മഹാരാജ് സി രോഹിത് ബി അശ്വിൻ 72, റബാദ എൽബിഡബ്ല്യു ബി അശ്വിൻ 2, എക്സ്ട്രാസ് 8, ആകെ 105.4 ഓവറിൽ 275.
ബൗളിംഗ്: ഇഷാന്ത് 10-1-36-0, ഉമേഷ് 13-2-37-3, ജഡേജ 36-15-81-1, ഷാമി 17-3-44-2, അശ്വിൻ 28.4-9-69-4, രോഹിത് 1-1-0-0.
എറിഞ്ഞിട്ടു
11:38 PM Oct 12, 2019 | Deepika.com