റാഞ്ചി: 59-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷ-വനിതാ 400 മീറ്ററിലും പുരുഷ ലോംഗ്ജംപിലും മലയാളിത്തിളക്കം. പുരുഷ 400 മീറ്ററിൽ എഎഫ്ഐ ഫ്ളാഗിനു കീഴിൽ ഇറങ്ങിയ മലയാളി താരങ്ങളായ നോഹ് നിർമൽ ടോം, അമോജ് ജേക്കബ് എന്നിവർ സ്വർണവും വെള്ളിയും സ്വന്തമാക്കി. 45.88 സെക്കൻഡിലാണ് നോഹ് മത്സരം പൂർത്തിയാക്കിയത്. അമോജ് 46.32 സെക്കൻഡുമായി വെള്ളിയണിഞ്ഞു. വനിതാ വിഭാഗം 400 മീറ്ററിൽ മലയാളി താരം വി.കെ. വിസ്മയ 52.71 സെക്കൻഡുമായി സ്വർണത്തിൽ മുത്തമിട്ടു. കേരളത്തിനായി ഇറങ്ങിയ ജിസ്ന മാത്യു ഫൗൾ സ്റ്റാർട്ടിനെത്തുടർന്ന് അയോഗ്യയാക്കപ്പെട്ടു.
പുരുഷ വിഭാഗം ലോംഗ്ജംപിൽ കേരളത്തെ പ്രതിനിധീകരിച്ച എം. ശ്രീശങ്കർ സ്വർണത്തിലേക്ക് ലാൻഡ് ചെയ്തു. ഇത്തവണയും എട്ട് മീറ്റർ കടക്കാൻ താരത്തിനു സാധിച്ചില്ല. 7.93 മീറ്ററിലാണ് ശ്രീശങ്കർ സ്വർണത്തിലെത്തിയത്. വനിതാ പോൾവോൾട്ടിൽ കേരളത്തിന്റെ നിവ്യ ആന്റണി വെള്ളി നേടി. 3.50 മീറ്ററാണ് നിവ്യ കണ്ടെത്തിയത്. റെയിൽവേസിന്റെ കൃഷ്ണ രചൻ (3.80 മീറ്റർ) സ്വർണം സ്വന്തമാക്കി.
പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ എഎഫ്ഐക്കു കീഴിലിറങ്ങിയ തജീന്ദർപാൽ സിംഗ് മീറ്റ് റിക്കാർഡോടെ സ്വർണം നേടി. 20.92 മീറ്ററാണ് തജീന്ദർ കണ്ടെത്തിയത്.
മലയാളിത്തിളക്കം
11:38 PM Oct 12, 2019 | Deepika.com