മ്യൂണിക്ക്/സിംഗപ്പുർ: രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ പാരന്പര്യ ശക്തികളായ അർജന്റീനയ്ക്കും ബ്രസീലിനും സമനില. ശക്തരുടെ മത്സരമായി അറിയപ്പെട്ട അർജന്റീന x ജർമനി പോരാട്ടം 2-2 സമനിലയിൽ അവസാനിച്ചു. സെനഗലിനോടാണ് ബ്രസീൽ 1-1 സമനിലയിൽ പിരിഞ്ഞത്.
ജർമനിയിലെ ഡോർട്ട്മുണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. സെർഗി നാബ്രി (15-ാം മിനിറ്റ്), കയി ഹവേർറ്റ്സ് (22-ാം മിനിറ്റ്) എന്നിവരുടെ ഗോളിൽ ജർമനി 2-0നു മുന്നിലെത്തി. രണ്ടാം പകുതിയിലാണ് അർജന്റീനയുടെ ഗോളുകൾ. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ അർജന്റീനയ്ക്കായി ലൂകാസ് അലാരിയോ (66-ാം മിനിറ്റ്), ലൂകാസ് ഒകാന്പസ് (85-ാം മിനിറ്റ്) എന്നിവർ ലക്ഷ്യംകണ്ടു.
സിംഗപ്പുരിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ബ്രസീൽ സമനില വഴങ്ങിയത്. ഒന്പതാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയിലൂടെ മഞ്ഞപ്പട മുന്നിലെത്തി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫമാ ദിയോദു (45+1-ാം മിനിറ്റ്) ബ്രസീലിനെ ഒപ്പം പിടിച്ചു. സൂപ്പർ താരം നെയ്മർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്രസീലിനു ജയം സ്വന്തമാക്കാൻ സാധിച്ചില്ല.
അർജന്റീനയ്ക്കും ബ്രസീലിനും സമനില
12:07 AM Oct 11, 2019 | Deepika.com