കോതമംഗലം: എംജി യൂണിവേഴ്സിറ്റി നീന്തൽ, വാട്ടർപോളോ ചാന്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗത്തിൽ ആതിഥേയരായ കോതമംഗലം എംഎ കോളജ് ടീം തുടർച്ചയായ മൂന്നാം തവണയും ഓവറോൾ ചാന്പ്യൻഷിപ് നിലനിർത്തി. പാലാ സെന്റ് തോമസാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് എംഎ കോളജിന്റെ ആധിപത്യം. പുരുഷ വിഭാഗത്തിൽ 138 പോയിന്റ് എംഎ കോളജ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള പാലാ സെന്റ് തോമസിന് 28 പോയിന്റാണ് ലഭിച്ചത്. വനിതാ വിഭാഗത്തിൽ 129 പോയിന്റ് എംഎ കോളജ് നേടി. 28 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷനാണ് രണ്ടാം സ്ഥാനത്ത്.
നീന്തലിൽ സന്പൂർണ ആധിപത്യമാണ് എംഎ കോളജ് കാഴ്ചവച്ചത്. വാട്ടർ പോളോയിലും എംഎ കോളജിനായിരുന്നു മേധാവിത്വം. ഒരു മത്സരത്തിൽ പോലും എംഎ കോളജ് ടീം പരാജയപ്പെട്ടില്ല.
സമാപന ചടങ്ങിൽ എംജി യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വിനു ജോർജ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഡോ. മാത്യുസ് ജേക്കബ്, വേണുഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ചാന്പ്യൻഷിപ്പിൽ നിന്ന് യൂണിവേഴ്സിറ്റി ടീമിനേയും തെരഞ്ഞെടുത്തു.
കോതമംഗലം എംഎ കോളജ് ഹാട്രിക് ചാന്പ്യന്മാർ
12:07 AM Oct 11, 2019 | Deepika.com