തിരുവനന്തപുരം: പി.വി. സിന്ധുവിന്റെ ബാഡ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ പി.വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. ഒളിമ്പിക്സിലെ വെള്ളി മെഡൽ സ്വർണമാക്കി മാറ്റാനുള്ള മികവ് സിന്ധു ആർജിച്ചിരിക്കുന്നു.
സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. കേരളത്തിന്റെ കായിക വികസനത്തിന് സിന്ധുവിന്റെ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
സിന്ധുവിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി കൈമാറി. കേരള ഒളിമ്പിക് അസോസിയേഷന്റെ ഓൺലൈൻ ചാനൽ സിന്ധു ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. ശശിതരൂർ എംപി, വി.എസ്. ശിവകുമാർ എംഎൽഎ, കായിക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ട്രഷറർ എം.ആർ. രഞ്ജിത്ത്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, കായിക ഡയറക്ടർ സഞ്ജയൻകുമാർ, കൗൺസിലർ ആയിഷ ബേക്കർ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ് എന്നിവർ സംബന്ധിച്ചു.
സിന്ധുവിന്റെ നേട്ടം പ്രചോദനം: മുഖ്യമന്ത്രി
11:17 PM Oct 09, 2019 | Deepika.com