മുംബൈ/ലണ്ടൻ: പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ വഴിയേപോയ വയ്യാവേലി തലയിൽ എടുത്തുവച്ച അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ ദിവസം 41-ാം പിറന്നാൾ ആഘോഷിച്ച മുൻ ഇന്ത്യൻ താരം സഹീർ ഖാന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പാണ്ഡ്യയുടെ ട്വീറ്റാണ് അദ്ദേഹത്തെ തിരിഞ്ഞുകൊത്തിയത്.
ആഭ്യന്തര മത്സരത്തിനിടെ സഹീർ ഖാനെ സിക്സർ പറത്തുന്ന തന്റെ വീഡിയോയ്ക്കൊപ്പമാണ് പാണ്ഡ്യ പിറന്നാളാശംസ നേർന്നത്. എന്നാൽ, പാണ്ഡ്യയുടെ തമാശ ആളുകൾക്ക് അത്ര രസിച്ചില്ല. പാണ്ഡ്യ, സഹീറിനെ അപമാനിച്ചുവെന്നാണ് അവരുടെ പരാതി. ഇതോടെ താരത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തി. പണവും പ്രശസ്തിയും മാത്രമുണ്ടായാൽ എല്ലാമാകില്ലെന്നും നല്ലകാലത്ത് സഹീറിന്റെ പന്തുകൾക്കു മുന്നിൽ പാണ്ഡ്യക്ക് പിടിച്ചുനിൽക്കാൻ പോലും സാധിക്കില്ലായിരുന്നുവെന്നും സമൂഹമാധ്യങ്ങളിൽ വിമർശനമുയർന്നു. അമിത ആത്മവിശ്വാസം നിങ്ങളെ നശിപ്പിക്കുമെന്ന് ഉപദേശിക്കാനും ചിലർ മറന്നില്ല.
ഇന്ത്യ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച ഇടംകൈയൻ പേസറായാണ് സഹീർ ഖാൻ അറിയപ്പെടുന്നത്. ഇന്ത്യക്കായി 92 ടെസ്റ്റുകളിൽനിന്ന് 311ഉം 200 ഏകദിനങ്ങളിൽനിന്ന് 282ഉം വിക്കറ്റ് സഹീർ വീഴ്ത്തിയിട്ടുണ്ട്.
ഹാർദിക് പിടിച്ച പുലിവാൽ!
11:29 PM Oct 08, 2019 | Deepika.com