തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാപ്രായ വിഭാഗത്തിലും ഗെയിംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ദേശീയ തല മത്സരങ്ങള്‍ക്കായി സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തു നിന്നും അയയ്ക്കുന്നത് നാമമാത്രമായ ടീമുകള്‍ മാത്രം. 12 വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ദേശീയ തലത്തില്‍ മിക്ക ഇനങ്ങളിലും സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തുനിന്നുള്ള സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് കഴിയുന്നില്ല.
സംസ്ഥാനത്തുനിന്നും അണ്ടര്‍ 19 കാറ്റഗറിയില്‍ മാത്രമാണ് കൂടുതല്‍ ഗെയിംസ് ടീമുകളെ ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ മുമ്പ് സ്കൂള്‍ കായികമേളയില്‍ ക്ലാസ് അനുസരിച്ചായിരുന്നു സീനിയര്‍, ജൂണിയര്‍, സബ് ജൂണിയര്‍ കാറ്റഗറി നിശ്ചയിച്ചിരുന്നത്.
രണ്ടു വര്‍ഷം മുമ്പ് ഇത് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആക്കി. ഇതോടെ കായികാധ്യാപകര്‍ പരിശീലിപ്പിക്കുന്ന 14, 17 വയസ് കാറ്റഗറിയില്‍ പെടുന്ന വിദ്യാര്‍ഥികളില്‍ ഏറെയും സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളിലായി.
ഇവര്‍ക്ക് സംസ്ഥാന തലംകൊണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കേണ്ട സ്ഥിതിയാണ്. അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റൺ, ടേബിള്‍ ടെന്നീസ്, ലോണ്‍ ടെന്നീസ്, ജൂഡോ, ചെസ് തുടങ്ങിയ ഇനങ്ങളില്‍ മാത്രമായി സബ് ജൂണിയര്‍, ജൂണിയര്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയ തല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ചുരുങ്ങി.
സംസ്ഥാന തലത്തില്‍ 14 വയസിലും 17 വയസിലും നടത്തുന്ന മത്സരങ്ങളിലെ വിജികള്‍ക്ക് ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കണമെന്നതാണ് വിദ്യാര്‍ഥികളുടേയും കായികാധ്യാപകരുടേയും ആവശ്യം.
തോമസ് വര്‍ഗീസ്
ദേശീയ തലത്തില്‍ പങ്കെടുപ്പിക്കുന്നത് 10ല്‍ താഴെ
11:56 PM Oct 06, 2019 | Deepika.com