മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനു ജയം. ആരോണ്‍ റാംസി (31-ാം മിനിറ്റ്) യുവന്റസിനായി അരങ്ങേറ്റ ഗോൾ നേടിയ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (49-ാം മിനിറ്റ്) പെനൽറ്റിയിലൂടെയും വലകുലുക്കി. അതോടെ നിലവിലെ ചാന്പ്യന്മാർ 2-1ന് ഹെല്ലസ് വെറോണയെ കീഴടക്കി.
യുവന്റസ് സൂപ്പർ ഗോളിയയ ജിയാൻലൂജി ബഫണ് ചരിത്ര നേട്ടത്തിലെത്തുന്നതിനും മത്സരം വഴിയൊരുക്കി. ക്ലബ് മത്സരങ്ങളുടെ എണ്ണത്തിൽ ഇതിഹാസതാരം പൗളോ മാൾദിനിക്കൊപ്പമെത്തി ബഫണ് (902 മത്സരങ്ങൾ). ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്ന് യുവന്റസിലേക്ക് തിരിച്ചെത്തിയ ബഫണ് ഇന്നലെയാണ് ആദ്യമായി ടീമിനായി ഗോൾവല കാത്തത്. മൂന്ന് ക്ലബ്ബുകൾക്കായി കളിച്ചാണ് ബഫണ്, മാൾദിനിക്കൊപ്പമെത്തിയത്. എസി മിലാനു വേണ്ടി മാത്രമാണ് മാൾദിനി കളിച്ചിട്ടുള്ളത്.
നാട്ടങ്കത്തിൽ ഇന്റർ
മിലാനിലെ നാട്ടങ്കത്തിൽ ഇന്റർ 2-0നു ജയിച്ചു. എസി മിലാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മാഴ്സലോ ബ്രൊസോവിക് (49-ാം മിനിറ്റ്), റൊമേലു ലുകാക്കു (78-ാം മിനിറ്റ്) എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. 12 പോയിന്റുമായി ഇന്റർ മിലാൻ ഒന്നാമതാണ്. 10 പോയിന്റുള്ള യുവന്റസ് രണ്ടാമതുണ്ട്.
യുവന്റസിനു ജയം; ബഫൺ, മാൾദിനിക്കൊപ്പം
12:55 AM Sep 23, 2019 | Deepika.com